സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ, തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്. 160 ലധികം പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പുറത്തിറക്കി. ഫ്രാന്‍സ് സിറിയയില്‍ തങ്ങള്‍ക്കു നേരെയുള്ള അക്രമണം തുടരുകയാണെങ്കില്‍ ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
ഐസിസിന്റെ അല്‍ഹയാത്ത് മീഡിയ സെന്റര്‍വഴി പുറത്തുവിട്ട വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താടിവെച്ച തീവ്രവാദിയാണ് ഭീഷണി മുഴക്കുന്നത്. എത്രയും പെട്ടെന്ന് സിറിയയില്‍ ഫ്രാന്‍സ് നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും അല്ലായെങ്കില്‍ ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പോലും സമാധാനത്തോടെ പോകാന്‍ കഴിയില്ലെന്നുമാണ് ഐസിസിന്റെ ഭീഷണി.
ഫ്രാന്‍സില്‍ നടത്തിയ ഭീകരാക്രമണം സിറിയയിലെ ബോംബിങ്ങിനുള്ള പ്രതികാരമാണെന്ന് ഐസിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തോക്കും ബോംബുകളുമായി നഗരത്തിലിറങ്ങിയ പത്തോളംവരുന്ന ഭീകരര്‍ പ്രധാനപ്പെട്ട ഏഴോളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. സ്ഫോടനം നടത്തിയും വെടിവെച്ചും ആളുകളെ ഭയപ്പെടുത്തിയായിരുന്നു ആക്രമണം.
കണ്ണില്‍ കണ്ടവരെയെല്ലാം ഭീകരര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. അല്ലാഹു അക്ബര്‍ വിളിച്ചും മറ്റുമായിരുന്നു ആക്രമണമെന്നും പറയപ്പെടുന്നു. അതേസമയം, ഭീകര്‍ക്കുള്ള തിരിച്ചടി ദയാരഹിതമായിരിക്കുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സിറിയയില്‍ വന്‍തോതിലുള്ള വ്യോമാക്രമണങ്ങള്‍ക്ക് ഫ്രാന്‍സ് തയ്യാറെടുക്കുകയായിരുന്നെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല