സ്വന്തം ലേഖകന്‍: ഹരിയാനയിലെ പഞ്ചര്‍ കടക്കാരന് വൈദ്യുതി ബില്ല് വന്നത് 77 കോടി രൂപ, ബില്ല് കണ്ട് ഉടമയുടെ അമ്മ തലചുറ്റി വീണു. ഹരിയാനയിലെ ഫരീദാബാദില്‍ ഒരു ചെറിയ ടയര്‍ റിപ്പയര്‍ ഷോപ്പിലാണ് 77 കോടി രൂപയുടെ വൈദ്യുതി ബില്‍ എത്തിയത്. ഫരീദാബാദിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലെ സുരീന്ദര്‍ ഓട്ടോ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് 77 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്.
ബില്ല് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഷോപ്പ് ഉടമ. പഞ്ചറായ ടയറുകള്‍ നന്നാക്കുന്ന കടയാണ് സുരീന്ദര്‍ ഓട്ടോ വര്‍ക്‌സ്. ഇത്രയും തുകയുടെ ബില്ല് കണ്ട് കുടുംബാംഗങ്ങള്‍ അടക്കം ഞെട്ടിയിരിക്കുകയാണെന്ന് ഷോപ്പ് ഉടമ പറഞ്ഞു.
വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഇയാള്‍ ഷോപ്പ് നടത്തുന്നത്. പരമാവധി 2000 മുതല്‍ 2500 രൂപ വരെയാണ് ഇതുവരെ വൈദ്യുതി ബില്‍ വന്നിരുന്നത്. ഒരു ബള്‍ബും ഫാനും മാത്രമാണ് കടയില്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണ്‍ ഹരിയാന ബിജ്‌ലി വിത്രന്‍ നിഗത്തിന്റെ കീഴില്‍ വരുന്ന ഉപയോക്താക്കളാണ് ഈ പ്രദേശത്തെ താമസക്കാരും കടകളും.
കണ്ണുതള്ളുന്ന ബില്ല് കണ്ട് ഷോപ്പ് ഉടമയുടെ അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആദര്‍ശ് നഗര്‍ കോളനിയിലെ അയല്‍വാസികള്‍ പറഞ്ഞു. ഹരിയാനയില്‍ ഇത് ആദ്യമായല്ല സാധാരണക്കാര്‍ക്ക് ഭീമന്‍ തുകയുടെ ബില്ല് വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹരിയാനയിലെ ഒരു പാന്‍ മസാല കച്ചവടക്കാരന് 132 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത് വാര്‍ത്തയായിരുന്നു. 2007 ല്‍ നര്‍നൗല്‍ ടൗണിലെ ഒരു ഉപയോക്താവിന് 234 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല