സ്വന്തം ലേഖകന്‍: മൂന്നാര്‍ തൊഴിലാളി സമരം, തോട്ടം ഉടമകള്‍ കാലുമാറി, തൊഴിലാളികളുടെ കൂലി നിലവില്‍ കൂട്ടില്ലെന്നും ബോണസ് നല്‍കില്ലെന്നും പ്രഖ്യാപനം. കൂലി കൂട്ടാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നു. കൂലി കൂട്ടാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടുംതോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന് ഓഫ് പ്ലാന്റേഷന് കേരളയുടെ നേതാക്കള്‍ വ്യക്തമാക്കി.
തൊഴിലാളികളുമായും തോട്ടം ഉടമകളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയിലെ ധാരണയില്‍ നിന്നുള്ള ഉടമകളുടെ പിന്മാറ്റം.
തേയിലയുടെയും റബ്ബറിന്റെയും വില വര്‍ധിപ്പിക്കാതെ കൂലി വര്‍ദ്ധന നടക്കില്ലെന്നും ഉടമകള്‍ പറഞ്ഞു. കൂലി വര്‍ധിപ്പിച്ചത് നികുതിയിളവ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇവ ലംഘിച്ചു. സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാനാണ് സമരം ഒത്തുതീര്‍ക്കാന്‍ പിന്തുണച്ചത്. സര്‍ക്കാരിന്റെ ചുവടുമാറ്റം ചൂണ്ടിക്കാട്ടി ലേബര്‍ കമ്മിഷണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അസോസിേയഷന്‍ ഓഫ് പ്ലാന്റേഷന് കേരള ഭാരവാഹികള്‍ അറിയിച്ചു.
കൂലി വര്‍ദ്ധിപ്പിക്കാനുള്ള സെറ്റില്‍മെന്റ് കാലാവധി മൂന്നില്‍ നിന്ന് നാല് വര്‍ഷമാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് സര്‍ക്കാരിന്റേതായ രീതിയില്‍ മുന്നോട്ട് പോകാം. തങ്ങളുടെ നിലപാടുകള്‍ തിങ്കളാഴ്ച പി.എല്‍.സി യോഗത്തില്‍ വ്യക്തമാക്കുമെന്നും തോട്ടം ഉടമകളുടെ സംഘടന പറയുന്നു.
തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞകൂലി 232 രൂപയില്‍ നിന്ന് 301 രൂപയായി ഉയര്‍ത്താനാണ് മൂന്നാര്‍ തോട്ടങ്ങളിലെ സമരം അവസാനിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായത്. റബ്ബര്‍ തോട്ടം തൊഴിലാളികളുടെ കുറഞ്ഞകൂലി 317 രൂപയില്‍നിന്ന് 381 രൂപയായും ഏലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞകൂലി 267 രൂപയില്‍നിന്ന് 330 രൂപയായും ഉയര്‍ത്താന്‍ ധാരണയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല