സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചില്‍ഡ്രന്‍സ് ഡേ ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി നടന്നു. ജനപങ്കാളിത്തത്താലും, സംഘാടക മികവിനാലും ശ്രദ്ധേയമായ ആഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി.
ഇന്നലെ ഉച്ചക്ക് 1.30 മുതല്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കവിയുമായ മുരുകേഷ് പനയറ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ദീപാലി ആഘോഷങ്ങളുടെ ഭാഗമായി വിളക്കുകള്‍ തെളിച്ചു. പാരിസിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് നിത്യശാന്തി നേര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മുരുകേഷ് പനയറ ദീപാവലിയെ കുറിച്ചും ചില്‍ഡ്രന്‍സ് ഡേയെക്കുറിച്ചും സ്വതസിദ്ധമായ ശൈലിയില്‍ ക്വിസുകള്‍ നയിച്ചു.
ഇതേ തുടര്‍ന്ന് ഡ്രോയിംഗ് മത്സരത്തിന് തുടക്കമായി. ജൂനിയര്‍, സബ് ജുനിയര്‍, അഡള്‍ട്ട് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത്. ഇതേ തുടര്‍ന്ന് കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ക്വിസ് മത്സരവും നടന്നു. ഷിന രമേഷ്, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി.
ലഘു ഭക്ഷണത്തെ തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ആസോസിയേഷന്റെ ക്രിസ്മസ് ആഘോഷം, ഫാമിലി ടൂര്‍ എന്നിവ ഉള്‍പ്പെടെ വരും വര്‍ഷത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. തുടര്‍ന്ന് ആസോസിയേഷന്‍ സെക്രട്ടറി ആയി ഷിന രമേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് വെടിക്കെട്ടോടെയാണ് പരിപാടികള്‍ സമാപിച്ചത്. സ്‌നിബു കുര്യന്‍ ഷിന രമേശ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് സോണി ചാക്കോ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല