സ്വന്തം ലേഖകന്‍: രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് ശരിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംവാദങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഹ്വാനം. രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന.
അഭിപ്രായ പ്രകടനം നടത്തിയും ചര്‍ച്ചകള്‍ നടത്തിയും പ്രതിഷേധം അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരങ്ങളെ ബഹുമാനിക്കണം, പൊതുസമൂഹത്തിന്റെ അംഗീകാരമായി അതിനെ കാണണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം തിരുത്താന്‍ ഇന്ത്യയ്ക്കു കഴിയാറുണ്ട്.
ഒരു വ്യക്തിയുടെ കഴിവിനും കഠിനാധ്വാനത്തിനും ലഭിക്കുന്ന അംഗീകാരമാണ് പുരസ്കാരങ്ങള്‍. അത് തിരിച്ചു നല്‍കുന്നത് അവാര്‍ഡ് നല്‍കുന്നവരെ അപമാനിക്കുന്നതിനു തുല്യമാണ്. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളില്‍ പലര്‍ക്കും വേദനയും അഭിപ്രായ വ്യത്യാസവുമുണ്ടാകും. എന്നാല്‍ അവയോടുള്ള പ്രതികരണം സമതുലിതമായിരിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
അക്രമങ്ങളോടു പ്രതികരിക്കുമ്പോള്‍ ശ്രദ്ധിച്ചുവേണമെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയതിനെ കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പ്രമുഖരില്‍ പലരും നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചാണ് പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ശാസ്ത്രജ്ഞരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല