1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2015

 

 

 

 

 

 

 

 

 

ഇന്ന് അവധിയല്ലേ … മൂടിപ്പുതച്ചു കിടന്നുറങ്ങാം എന്നോര്‍ത്ത് പുതപ്പിനിടയിലേക്ക് നന്നായി ചുരുണ്ട് കൂടി.

അപ്പഴേക്കും ഭാര്യ കുലുക്കി വിളിച്ചു.

‘ ദേ … മനുഷ്യാ .. ഇങ്ങോട്ടെണീറ്റേ ….’

എന്താടി മൃഗമേ … എന്ന് ചോദിക്കാന്‍ നാവുയര്‍ത്തിയതാണ്…. ചോദിച്ചില്ല ..

പേടിച്ചിട്ടല്ല … ഇന്ന് മിക്കവാറും ഹോട്ടലുകള്‍ അവധിയായിരിക്കും . അപ്പോള്‍ ഭക്ഷണത്തിന് വീടു തന്നെ ആശ്രയം … ……

മാത്രമല്ല ചിന്നം വിളിക്കുന്ന ആനയുടെ മുന്നില്‍ നിന്ന് വെല്ലുവിളിക്കുന്നത് ധീരതയല്ല … ഔചിത്യമില്ലായ്മയാണന്ന് എനിക്കറിയാം …….

എന്തായാലും ഉറക്കം പോയി ഇനി എണീറ്റേക്കാം ….. …

കോട്ടുവായിട്ട് കണ്ണും തിരുമ്മി സിറ്റ്വട്ടിലെത്തിയ ഞാന്‍ കാണുന്നത് എനിക്ക് നേരെ പറന്നു വരുന്ന മലയാള പത്രവും സൈക്കിളില്‍ പാഞ്ഞു പോകുന്ന ബംഗാളി പയ്യനെയുമാണ് …

പത്രം ഏജന്റ് പണം വാങ്ങാന്‍ മാത്രമേ വരാറുള്ളു. …. ഇനി അധികം താമസിക്കാതെ മലയാളപത്രത്തിന്റെ ഏജന്‍സിയും ബംഗാളികള്‍ നേരിട്ട് എടുത്തേക്കും…… എല്ലായിടത്തും ബംഗാളികള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ….
ഈ കൊച്ചു നാട്ടിന്‍പുറത്തെ ഏറ്റവും പഴയ ഹോട്ടലായ പണിക്കരുടെ ഹോട്ടലില്‍ പോലും ഇഢലി ഉണ്ടാക്കുന്നത് ബംഗാളി …….
കുട നന്നാക്കാന്‍ ചെന്നപ്പോള്‍ അവിടേം ബംഗാളി ….
കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് കയറിയ പ്രൈവറ്റ് ബസിലെ കിളി ബംഗാളി …….
പാര്‍ട്ടി ജാഥകള്‍ക്ക് ബംഗാളി ….
നെഹ്‌റു ട്രോഫിക്ക് വള്ളം തുഴഞ്ഞത് ബംഗാളി …..
എന്തിനേറെ പറയുന്നു … കഴിഞ്ഞ ദിവസം ഞാന്‍ പഠിപ്പിക്കുന്ന കൊളേജിന്റ്‌റെ മുന്നില്‍ കൂളിംഗ് ഗ്ലാസും വച്ചു നിന്ന 4 പൂവാലന്‍മാരും ബംഗാളികള്‍ ….
(…. പ്രണയിക്കാന്‍ വരെ മലയാളിക്ക് മടിയായിരിക്കുന്നു…….. )

ഈ ബംഗാളികളെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ബ്രിട്ടീഷുകാരെയാണ് ……..

കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ അവസാനം നാട്ടുകാരായി . നാട്ടുകാരായ നമ്മുടെ പൂര്‍വികര്‍ അവരുടെ അടിമകളും…
ബംഗാളികളും അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നില്ലേ…? എന്നൊരു സംശയം ..

ഭാവിയില്‍ ഇലക്ഷന് നല്ല മലയാളി സ്ഥാനാര്‍ത്ഥികള്‍ കിട്ടാതെ വന്നാല്‍ പല പാര്‍ട്ടികളും ബംഗാളികളെ നിര്‍ത്തിയേക്കും……. അവസാനം ഭരണവും പോലീസും എല്ലാം ബംഗാളികളായേക്കും ……!!!!

അങ്ങനെ വരുമ്പോള്‍ കേരളാ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുമായിരിക്കും ….

പോലീസിലെ ഒരു മലയാളി മംഗള്‍പാണ്ഡെ ആയിരിക്കും അത് തുടങ്ങി വെക്കുക……

ജാലിയന്‍വാലാബാഗ് പോലെ പെരുമ്പാവൂര്‍ കൂട്ടക്കൊല നടക്കുമായിരിക്കും…..

മറൈന്‍ ഡ്രെവില്‍ ഉപ്പുസത്യാഗ്രഹവും .. ക്വിറ്റ് കേരളാ പ്രസ്ഥാനവും ഉണ്ടാവുമായിരിക്കും ……

ഒടുവില്‍ ഒരുപാട് രക്തച്ചൊരിച്ചിലിനും നിരാഹാരത്തിനും ശേഷം ബംഗാളികള്‍ കേരളം വിടുമായിരിക്കും ….

അന്ന് … ബ്രിട്ടീഷുകാര്‍ പണ്ട് ഇന്ത്യയെ വിഭജിച്ചതു പോലെ ബംഗാളികള്‍ കേരളാ വിഭജനം നടത്തുമായിരിക്കും …. …. മലപ്പുറവും കോഴിക്കോടും ചേര്‍ത്ത് വേറെ സംസ്ഥാനം രൂപീകരിക്കുമായിരിക്കും …
കര്‍ത്താവേ …. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അപ്പുറത്താവുമോ …?
ചിന്തിച്ചിട്ട് തല കറങ്ങുന്നു …….

‘ ദേ ….. മനുഷ്യാ …. ( ഭാര്യയുടെ ശബ്ദം)
ഇന്ന് അവധിയാണ് .. മുറ്റം മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നത് ഒന്ന് ശരിയാക്കി താ … ഇന്നലെ കൂടി ഒരു മൂര്‍ഖനെ കണ്ടതേയുള്ളു . ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് ………

ആര് … പാമ്പോ .. ( എന്റെ ചിന്ത )

ഏതായാലും ടൗണിലേക്കിറങ്ങാം, ഏതെങ്കിലും ബംഗാളിയെ കിട്ടിയാല്‍ മുറ്റം ഒന്നു വെടിപ്പാക്കിക്കാം ….

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.