സ്വന്തം ലേഖകന്‍: ഈജിപ്തിലെ റഷ്യന്‍ വിമാനാപകടം, പുറകില്‍ തീവ്രവാദികള്‍ തന്നെയെന്ന് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്.
സിനായില്‍ 224 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തീവ്രവാദികള്‍ തന്നെയാണെന്ന് റഷ്യയുടെ സുരക്ഷാ വകുപ്പ് മേധാവി അലക്സാണ്ടര്‍ ബോര്‍ട്നിക്കോവ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറിയിച്ചു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് പുടിന് വ്യക്തമാക്കി.
വിമാന അവശിഷ്ടങ്ങളില്‍ കണ്ടെത്തിയ വിദേശ നിര്‍മിത സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമാണ് സ്ഫോടനത്തിന് പിന്നില്‍ തീവ്രാവദികളാണെന്ന് സംശയം ബലപ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനോട് അടുപ്പമുള്ള ഒരു സംഘടന നേരത്തെ വിമാനം അവരാണ് തകര്‍ത്തതെന്ന് അവകാശപ്പെട്ടിരുന്നു.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷം പേരും റഷ്യന്‍ പൗരന്മാരാണ്. ഇജിപ്തില്‍ നിന്ന് റഷ്യയിലേക്ക് പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. പിന്നീടാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിക്കപ്പെടുന്നത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ ഒരു സ്ഫോടനമുണ്ടായതായി നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല