സ്വന്തം ലേഖകന്‍: രാഹുലും രശ്മിയും ഒരു സംഘത്തിന്റെ ഭാഗം, രശ്മിയെ വിലപേശി ഇടപാടുകാര്‍ക്ക് അടുത്തെത്തിച്ചിരുന്നത് രാഹുലെന്ന് പോലീസ്, പ്രവര്‍ത്തനം കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജുവഴിയെന്നും പത്രസമ്മേളനത്തില്‍ ഐജി. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും പിടിയിലായതിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഐജി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നത് സംബന്ധിച്ചും ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ വലവീശിപ്പിടിക്കുന്നത് സംബന്ധിച്ചും നടത്തിയ അന്വേഷണമാണ് 12 പേരുടെ അറസ്റ്റിലേക്ക് നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും, രശ്മിരാഹുല് ദമ്പതിമാരുടെ മകനും പോലീസിന്റെ സംരക്ഷണയിലാണ്.
പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇടപാടുകാരുടെ അടുത്തെത്തിക്കലാണ് രാഹുല്‍ പശുപാലന് ചെയ്യുന്നതെന്നാണ് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇടപാടുകാര്‍ ചമഞ്ഞ് പോലീസ് തന്നെയാണ് ഈ പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. രശ്മി ആര് നായരുടെ ‘റേറ്റ്’ പറഞ്ഞുറപ്പിച്ചിരുന്നതായും ഐജി വ്യക്തമാക്കി.
കൊച്ചു സുന്ദരികള്‍ എന്ന് ഫേസ്ബുക്ക് പേജ് വഴി ചെറിയ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത കേസിലാണ് ആറ് പേര് അറസ്റ്റിലായത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് തന്നെയാണ് രാഹുല്‍ പശുപാലനും രശ്മിയും അടക്കമുള്ള ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ഖാദര്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇയാളുമായാണ് ഇടപാടുകാരെന്ന പേരില്‍ പോലീസ് ആദ്യം ബന്ധപ്പെടുന്നത്.
അബ്ദുള്‍ ഖാദര്‍, ലിനീഷ് മാത്യു( ബെംഗളുരു ലിംഗരാജപുരം സ്വദേശിനി), രാഹുല്‍ പശുപാലന്, അജീഷ്, ആഷിക്, രശ്മി ആര് നായര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രശ്മിയുടെ ഫോട്ടോയാണ് അബ്ദുള്‍ ഖാദര്‍ ഇടപാടുകാരെ(പോലീസുകാരെ) ആദ്യം കാണിച്ചത്. രശ്മിയുടെ ‘റേറ്റ്’ വരെ ഉറപ്പിച്ചായിരുന്നു അടുത്ത നീക്കം.
രശ്മി മാത്രം പോര, തങ്ങള്‍ക്ക് കൂടുതല്‍ സ്ത്രീകളെ വേണം എന്നായി പോലീസിന്റെ അടുത്ത ആവശ്യം. മറ്റുള്ളവരോട് ചര്‍ച്ച ചെയ്ത് പറയാം എന്നായിരുന്നത്രെ അബ്ദുള്‍ ഖാദറിന്റെ മറുപടി.
ബെംഗളുരുവില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നത്. വിമാനമാര്‍ഗ്ഗമായിരുന്നു ഇവരെ കൊച്ചിയില്‍ എത്തിച്ചത്. ഇവര്‍ക്കൊപ്പം വന്ന സ്ത്രീയാണ് ലിനീഷ് മാത്യു. ബെംഗളുരുവില്‍ നിന്നെത്തിച്ച കുട്ടികള്‍ക്ക് തങ്ങളെ എന്തിനാണ് കൊണ്ടുവന്നത് എന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.
രശ്മിയേയും ബെംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന രണ്ട് പെണ്‍കുട്ടികളേയും കൂടാതെ മറ്റ് രണ്ട് സ്ത്രീകളെ കൂടി അബ്ദുള്‍ ഖാദര്‍ ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ അബ്ദുള്‍ ഖാദറില്‍ നിന്ന് സിഗ്നല്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് അപകടം മണത്താണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ കാറുകൊണ്ട് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ വാഹനം ഇതുവരെ കണ്ടെത്താനായില്ലെന്നും ഐജി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല