ചെന്നൈ: സിനിമയിലേക്ക് ഉടന്‍ മടങ്ങിവരുമെന്നും കെ.എസ് രവികുമാറിന്റെ റാണയില്‍ താനുണ്ടാവുമെന്നും രജനീകാന്ത്. ആരാധകര്‍ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിന് നന്ദി പറയാന്‍ തന്റെ പക്കല്‍ വാക്കുകളില്ലെന്നും പത്രക്കാര്‍ക്ക് എഴുതി നല്കിയ കുറിപ്പില്‍ സൂപ്പര്‍താരം പറഞ്ഞു. സിംഗപ്പൂരില്‍ ചികിതിസയിലായിരുന്ന രജനി മൂന്ന് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. അസുഖത്തെത്തുടര്‍ന്ന് രജനി റാണയില്‍ അഭിനയിച്ചേക്കില്ല എന്ന് അഭ്യൂഹങ്ങല്‍ പരന്നിരുന്നു.
ആരാധകരുടെ പ്രാര്‍ത്ഥനയും സ്നേഹവുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടവന്നത്. ഈ സ്നേഹം താനൊരിക്കലും മറക്കില്ല. തമിഴില്‍ തയ്യാറാക്കിയ പത്രകുറിപ്പില്‍ രജനി വ്യക്തമാക്കി.
കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ റാണയുടെ ഷൂട്ടിംഗ് സമയത്താണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം ആശുപത്രിവിട്ട അദ്ദേഹത്തെ നെഞ്ചിലുണ്ടായ നീര്‍ക്കെട്ടിനെത്തുടര്‍ന്ന് പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല