സ്വന്തം ലേഖകന്‍: രാഹുലിന്റെ സിനിമ വരുത്തിവച്ച കടബാധ്യതയാണ് ശരീരം വില്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് രശ്മി, നുണയെന്ന് സിനിമയുടെ നിര്‍മ്മാതാവ്. രശ്മി തിരക്കഥയെഴുതി രാഹുല്‍ പശുപാലന് സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമ കൊച്ചിയില്‍ വ്യവസായികളായ രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ചേര്‍ന്നാണ് നിര്‍മിയ്ക്കാനിരുന്നത്. എന്നാല്‍ നഷ്ടം വന്നത് തങ്ങള്‍ക്ക് മാത്രമാണെന്നും രാഹുലിനെ ഒഴിവാക്കിയതാണെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു. രശ്മിയുടെ കടബാധ്യത കാരണം ശരീരം വിറ്റുവെന്ന വെളിപ്പെടുത്തല്‍ നുണയാണെന്നും മനോജ് അഭിപ്രായപ്പെട്ടു.
സദാചാര പോലീസിങ്ങിനും മതരാഷ്ട്രീയത്തിനും എതിരെ ഒരു സിനിമ എന്ന രീതിയില്‍ ആണ് മനോജും രഹ്നയും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ രാഹുല്‍ പശുപാലനെ ഈ സംരഭത്തില്‍ കൂട്ടുകയായിരുന്നു. 85 ലക്ഷം രൂപ ബജറ്റ് ഇട്ടാണ് സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ പിന്നീട് രാഹുല്‍ ഇത് ഒന്നര കോടി ആക്കണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് മനോജ് പറയുന്നത്.
രശ്മി തന്നെ സിനിമയ്ക്ക് തിരക്കഥയെഴുതും എന്നാണ് രാഹുല്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് രാഹുല്‍ തന്നെയാണ് ഇത് ചെയ്തത്. രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോലും പോസ്റ്റ് ചെയ്യുന്നത് രാഹുലാണെന്നാണ് മനോജ് പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞിരുന്ന രാഹുല്‍ പശുപാലന് സിനിമയുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഇതോടെയാണ് രാഹുലിനെ ഒഴിവാക്കി.
രാഹുല്‍ പശുപാലനും രശ്മിയും കൊച്ചിയില്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്ന് മാസത്തെ വാടക കൊടുത്തത് തങ്ങളാണെന്ന് മനോജ് പറയുന്നു. ആ ഫ്ലാറ്റിലേയ്ക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങി നല്കി. രാഹുല്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ പോലും തന്റെ പണം കൊണ്ട് വാങ്ങിയതാണന്ന് മനോജ് പറയുന്നു
‘പ്ലിംഗ്’ എന്ന സിനിമയുടെ ഭാഗമായി തങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നിട്ടുണ്ട്. രാഹുലിനോ രശ്മിയ്ക്കോ ഒരു സാമ്പത്തിക ബാധ്യതയും അതിന്റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും മനോജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല