സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം, തെളിയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലില്‍ അടക്കാന്‍ മോദിയോട് രാഹുലിന്റെ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്രമോഡി ‘ചങ്ങാതി’കളെ ഉപയോഗിച്ചു തനിക്കുമേല്‍ ചെളിവാരിയെറിയുകയാണെന്നും യു.കെ. പൗരത്വമുണ്ടെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്ഷികത്തോടനുബന്ധിച്ചുനടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. താന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ബി.ജെ.പിയും ആര്.എസ്.എസും തന്റെ കുടുംബത്തിനുമേല്‍ ചെളിവാരിയെറിയാറുണ്ട്. ഇതൊന്നും കണ്ടു താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും ബി.ജെ.പിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.
‘എന്റെ മുത്തശ്ശി, അച്ഛന്, അമ്മ എന്നിവര്‍ക്കെതിരേ ആര്.എസ്.എസിലേയും ബി.ജെ.പിയിലേയും ആളുകള്‍ ചെളിവാരിയെറിയുന്നത് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കണ്ടിട്ടുണ്ട്. ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എനിക്കെതിരേ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും തരിമ്പും സത്യമില്ല. മോഡിജി ഇതു താങ്കളുടെ സര്‍ക്കാരാണ്. നിങ്ങള്‍ക്ക് ഏജന്‍സികളുണ്ട്. എനിക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ടാല്‍ ജലിലില്‍ അടയ്ക്കു. എന്റെയും എന്റെ കുടുംബത്തിന്റേയും നേര്‍ക്ക് നിങ്ങളുടെ ചങ്ങാതിമാര്‍ വഴി ചെളിയെറിയുന്നത് നിര്ത്തു. ഇപ്പോള്‍ നിങ്ങള്‍ പ്രതിപക്ഷത്തല്ല , നിങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിലാണ്.’ തനിക്ക് ഈ വിഷയത്തില്‍ തരിമ്പും ഭയമില്ലെന്നു വ്യക്തമാക്കി രാഹുല്‍ പ്രവര്‍ത്തകരോടു പറഞ്ഞു.
യു.കെയില്‍ ഒരു കമ്പനി തുടങ്ങുന്നയതിനു ബ്രിട്ടീഷ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധിതന്നെ ഉപയോഗിച്ചു എന്ന സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം വന്‍ വിവാദമായതിനു പുറകെയാണ് മോദിക്കെതിരെ രാഹുലിന്റെ കടന്നാക്രമണം.
അതേസമയം ബ്രിട്ടനിലെ കമ്പനീസ് ഹൗസ് റെക്കോഡുകളില്‍ രാഹുല്‍ഗാന്ധി ഡയറക്ടറായി ലണ്ടനില്‍ ആരംഭിച്ചതായി ആരോപിക്കപ്പെടുന്ന ബാക്കോപ്സ് കമ്പനിയെക്കുറിച്ച് ചില വിവരങ്ങളുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ബാക്കോപ്സ് ലിമിറ്റഡിന്റെ വാര്‍ഷിക റിട്ടേണുകളില്‍ ഒന്നില്‍ രാഹുല്‍ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നില്‍ അദ്ദേഹത്തെ ഇന്ത്യന്‍ പൗരനായും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരെണ്ണത്തില്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പൗരനായി രേഖപ്പെടുത്തിയിരിക്കുന്നത് വെട്ടിത്തിരുത്തി ഇന്ത്യന്‍ പൗരനായും രേഖപ്പെടുത്തിയിരിക്കുന്നു.
2005ലും 2006ലും കമ്പനി ഫയല്‍ ചെയ്ത വാര്‍ഷിക റിട്ടേണുകളെ ആധാരമാക്കിയാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. ഈ രണ്ട് റിട്ടേണുകളിലും രാഹുല്‍ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് റിട്ടേണുകളിലെയും രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ മേല്‍വിലാസം വ്യത്യസ്തമാണ്. അതേസമയം, 2003ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല