NRI SPECIAL REPORT.
ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ ഏറ്റവും വലിയ നരകങ്ങളിലൊന്നായി ലോകം കാണുന്ന ഭീകരമായ സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയിലാണ്.
അതാണ് മുംബയിലെ കാമാത്തിപ്പുര എന്ന ചുവന്ന തെരുവ്. ഇവിടെയുള്ള ഓരോ പെണ്ണും ജീവിച്ചിരിക്കെത്തന്നെ മരിച്ചവരാണ്…
അതായത് …മരിച്ചു ജീവിക്കുന്നവര്‍ …
ഓരോ നിമിഷവും അരണ്ട വെളിച്ചത്തില്‍,കാമ ഭ്രാന്തന്മാരുടെ വന്യമായ സീല്ക്കാരങ്ങള്ക്കിടയില്പെട്ട് വിയര്പ്പിന്റ്റെയും ദുര്മ്മേദസ്സിന്റ്റെയും മനം മടുപ്പിക്കുന്ന ദുര്ഗ്ഗന്ധത്തില് ഇവിടെ അനുമിഷവും ജീവശ്ശവങ്ങളായി ഉരുകി തീരുന്ന അനേകം പെണ്ണുങ്ങള് തിങ്ങിപ്പാര്‍ക്കുന്നു.
ഇവിടെയെത്തുന്ന പുരുഷന് മാര്‍ക്ക് ഓരോ സ്ത്രീയും തങ്ങളുടെ കാമ വിശപ്പിനു ശമനം വരുത്തുന്ന വെറും മാംസ പിണ്ടങ്ങള്‍ മാത്രം.
വിവിധ തരം ചതിക്കുഴികളില്‍ പെട്ടാണ് ഓരോ പെണ്ണും ഇവിടെയെത്തുന്നത്.ഒരിക്കല്‍ വന്നുപെട്ടാല്‍ പിന്നെ ഇവിടെനിന്നും ഒരു തിരിച്ചു പോക്ക് അസാധ്യം.
എന്നാല്‍ കാമാത്തിപ്പുര എന്ന നരകതുല്യമായ തടവറയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് വിശാലമായ ലോകത്തിന്റ്റെ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയര്‍ന്ന ഒരു കൊച്ചു മിടുക്കിയുടെ വിശേഷങ്ങളാണിത്.
ഇവള് ശ്വേത…വയസ്സ് ഇരുപതിനോടടുക്കുന്നു….
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശ്വേതയെ ലോകം അറിഞ്ഞത് തന്നെ.ചുവന്ന തെരുവില്‍ ഒടുങ്ങേണ്ട ഒരു പാഴ്ജന്മ്മം ആയി മാറാതെ അമേരിക്കയിലെ പ്രശസ്തമായ ബാര്‍ഡ് യുണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി ശ്വേത തിരഞ്ഞെടുക്കപ്പെട്ടത് വലിയ ആശ്ചര്യത്തോടെയാണ് ലോകം അന്ന് നോക്കിക്കണ്ടത്.എന്നാല്‍ തന്റ്റെ ജീവിതംവഴി ലോകത്തെ അത്ഭുതപ്പെടുത്തുന്നത് അവിടം കൊണ്ട് നിറുത്താന്‍ അവള് തയാറായില്ല. അതിനു കാരണങ്ങള്‍ പലതാണ്…
മുംബൈയിലെ കാമാത്തിപുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നു വീണ പെണ്‍കുട്ടി… ചുവന്ന തെരുവില്‍ വളരുന്ന ഏതൊരു പെണ്‍കൊടിയേയും പോലെ അവളും ആ തൊഴിലിന്റെ ഭാഗമാവുമെന്ന് വിലയിരുത്തിയവര്‍ക്ക് മുന്നില്‍ നിന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിയവള്..
യു എന്‍ സമാനിച്ച യൂത്ത് കറേജ് അവാര്‍ഡ്, ഗൂഗിളിന്റെ പ്രത്യേക അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരം, ന്യൂസ് വീക്ക് മാഗസിന് തയ്യാറാക്കിയ ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടികയില്‍ ഒരാള്‍… കാമാത്തിപുരയിലെ ആ പെണ്‍കുട്ടിയെത്തേടിയ ഇതുവരെയുള്ള നേട്ടങ്ങളാണിവ.
ചുവന്ന തെരുവില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഇരുട്ടിന്റെ സന്തതികളായി സ്വയം മാറുമ്പോള്‍ വെളിച്ചത്തിന്റെ വഴികാട്ടിയാക്കി ശ്വേതയെ മാറ്റിയത് അമ്മ വന്ദനയായിരുന്നു…അതിനു പിന്നിലും വേദനയുടെ ഒരു കഥയുണ്ട്.
പ്രണയത്തിന്റെ തീവ്രതയില്‍ കാമുകനൊപ്പം ഇറങ്ങിത്തിരിച്ച വന്ദന സ്നേഹം വില്പന മാത്രമാകുന്ന ചുവന്ന തെരുവില്‍ എത്തിപ്പെടുകയായിരുന്നു. ചതിയുടെയും വഞ്ചനയുടെയും നോവുകള്‍ അറിഞ്ഞ് ലൈംഗികത്തൊഴിലാളിയായി തുടരുമ്പോഴാണ് ശ്വേതയുടെ ജനനം. രണ്ടാം ഭര്‍ത്താവിനൊപ്പമുള്ള ദുരിതജീവിതത്തിനിടയിലും തന്റെ മകളെ ചുവന്ന തെരുവിന് വിട്ടുകൊടുക്കാന്‍ വന്ദന തയ്യാറല്ലായിരുന്നു.
വെറും പത്തുവയസ്സുള്ളപ്പോള്‍ രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട ശ്വേതയ്ക്ക് വിദ്യാഭ്യാസം നല്‍കാനായി പല തൊഴിലുകള്‍ ചെയ്തെങ്കിലും ചുവന്ന തെരുവിന്റെ മേല്‍വിലാസം വന്ദനയ്ക്കെന്നും തടസ്സമായിരുന്നു. മകളെ വളര്‍ത്താനായി ആ അമ്മ വീണ്ടും ചുവന്ന തെരുവിലേക്ക് മടങ്ങി…
പല തവണ പഠിപ്പ് മുടങ്ങിയിട്ടും ശ്വേതയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനങ്ങള്‍ നല്കി അവളെ ലോകമറിയുന്ന പെണ്‍കുട്ടിയാക്കിയത് ചില അധ്യാപകരായിരുന്നു.
പത്താം ക്ലാസ് വിജയിച്ച ശേഷം ചുവന്നതെരുവിലെ ലൈംഗികത്തൊഴിലാളികളുടെയും അവരുടെ മക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന സംഘടനയില്‍ ശ്വേത അംഗമായി.അങ്ങനെയാണ് ചുവന്നതെരുവിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ശ്വേത പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഇന്ന് അമേരിക്കയിലെ പ്രശസ്തമായ ബാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ സൈക്കോളജി പഠിക്കുന്ന ശ്വേത ചുവന്ന തെരുവിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു നേരത്തെ ആഹാരത്തിനായി ശരീരം വിറ്റു ജീവിക്കുന്ന ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രയത്നത്തിലാണ് ചുവന്ന തെരുവില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ പെണ്‍കൊടി. ശ്വേതയ്ക്ക് എല്ലാ പിന്തുണയോടും കൂടി കൂടെയുണ്ട്, അമ്മ വന്ദനയും ക്രാന്തി എന്ന സംഘടനയും….
അമേരിക്കയിലെ ലിബറല്‍ ആര്‍ട്ട്സ് ബാര്‍ഡ് കോളേജിലാണ് ഇപ്പോള്‍ ശ്വേത പഠിയ്ക്കുന്നത്.കോളേജില്‍ സൈക്കോളജി വിഭാഗമാണ് ശ്വേത പഠനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.പഠനത്തിന് ശേഷം തന്റെ നാട്ടില്‍ തിരിച്ചെത്തി തങ്ങളുടെ വിഭാഗത്തിലെ പെണ്‍കുട്ടികളെ സഹായിക്കണമെന്നതാണ് ശ്വേതയുടെ ആഗ്രഹം.
മുംബൈയിലെ ചുവന്ന തെരുവിന്റെ അതിര്‍ത്തികളില്‍ നിന്നും പഠിച്ച് ഉയരത്തിലേയ്ക്ക് എത്തുകയെന്നത് തന്റെ കുട്ടികാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും അത് സാധിക്കുമെന്ന് താന്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്വേത പറയുന്നു.പക്ഷെ തന്റ്റെ അമ്മയുടെ നിശ്ചയ ധാര്‍ഡ്യവും പിന്തുണയും മാത്രമാണ് ആദ്യകാലങ്ങളില്‍ ആകെ തുണയായി കൂടെയുണ്ടായിരുന്നത് എന്ന് ഇപ്പോള്‍ ശ്വേത ഓര്‍ക്കുന്നു.
തികച്ചും വ്യത്യസ്ഥമായ ചുറ്റുപാടുകളിലാണ് ശ്വേത കാട്ടി എന്ന പതിനെട്ടുകാരി ജീവിച്ചു വന്നത്. കാമാത്തിപുരത്തിന്റെ പീഡനങ്ങളും അവഹേളനങ്ങളുമാണ് ശ്വേത കുട്ടികാലം മുതല്‍ കണ്ടതും ജീവിച്ചനുഭവിച്ചതും .കേള്‍ക്കുന്നതിലും ഭീകരമാണ് കാമാത്തിപുരത്തെ ജീവിതം.
എല്ലാ ദിവസവും ഓരോ സ്ത്രീയെയും ഉപദ്രവിക്കുന്നത് അവിടെ കാണാന്‍ കഴിയും, അപ്രതീക്ഷിതമായി എത്തുന്ന പോലീസ് പട…. പോലീസിനെ പേടിച്ചുള്ള ജീവിതങ്ങള്‍…. ശരീരങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍….
”കാമാത്തിപുരത്തെ ഒരു സ്ത്രീയും സന്തോഷവതി അല്ല….” ശ്വേത പറഞ്ഞു.
കാമാത്തിപുരത്തെത്തുന്ന ആണുങ്ങള് തന്നെ കൂടെ കിടക്കാന്‍ ക്ഷണിയ്ക്കും, അച്ഛന് ഉള്‍പ്പെടെയുള്ള ആളുകള്‍ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കും. അപ്പോഴൊക്കെ അമ്മ മാത്രമായിരുന്നു ഏക അഭയസങ്കേതം..എന്നെ കെട്ടിപ്പിടിച്ച് അമ്മ പറയും… ‘നീയാണ് ഏറ്റവും നല്ലത്, നിനക്ക് എല്ലാം നേടാന്‍ കഴിയും….’ .ശ്വേത തന്റെ ഓര്‍മ്മകളെ ചികഞ്ഞെടുക്കുന്നു.
ദരിദ്ര കുടുംബ പശ്ചാത്തലവും ജാതിയിലെ താഴ്ച്ചയും പലപ്പോഴും ശ്വേത കാട്ടി എന്ന ടീനേജുകാരിയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. സ്കൂളുകള്‍ കാണിച്ചു വരുന്ന വിവേചനത്തിന്റെ ഇരയായും ശ്വേത പലപ്പോഴും മാറിയിട്ടുണ്ട്.
മുംബൈയിലെ ചുവന്ന തെരുവിലെ പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക ധര്‍മ്മ സ്ഥാപനമാണ് ക്രാന്തി. കൌമാരക്കാരായ ഒരു വിഭാഗം കിഴക്കന്‍ മുംബൈയില്‍ ക്രാന്തിയുടെ കീഴില്‍ ജീവിക്കുന്നുണ്ട്. പതിനാറാമത്തെ വയസ്സിലാണ് ശ്വേതയും ക്രാന്തി സംഘടനയില്‍ എത്തിയത്.
ക്രാന്തിയോടും തന്റ്റെ എല്ലാമെല്ലാമായ അമ്മയോടും തോളോട് തോള് ചേര്‍ന്ന് കാമാത്തിപുരത്തിലെ അന്ധകാരമയമായ അനേകം കൊച്ചു പെണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് പുതുജീവിതത്തിന്റെ വെള്ളി വെളിച്ചം വീശാനുള്ള സ്വപ്ന പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഈ മിടുക്കി ഇപ്പോള്‍.അത് മാത്രമാണ് അവളുടെ സ്വപ്നവും ജീവിത ലക്ഷ്യവും. …
പിന്തുണയുമായി ഒരു വലിയ ലോകം തനിക്കൊപ്പം ഉണ്ടെന്ന വിശ്വാസം അവളെ കൂടുതല്‍ ധീരയാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല