ജയരാജിന്റെ പുതിയ ചിത്രം നായിക ഒരു മുന്‍കാല സിനിമാതാരത്തിന്റെ ജീവിതകഥയിലൂടെ മലയാള സിനിമയുടെ ചരിത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണ്.
ചിത്രത്തെക്കുറിച്ച് സംവിധായകന് ജയരാജ് പറയുന്നതിങ്ങനെ, ‘സ്ത്രീകളുടെ യൗവനകാലത്തെയാണ് സിനിമ കൂടുതല്‍ ചൂഷണം ചെയ്യുന്നത്. സിനിമയില്‍ പ്രവേശിച്ച് കുറച്ചുകാലം ഈ ഡിമാന്റ് ഉണ്ടാവും. കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ അവരെക്കാള്‍ പ്രായം കൂടിയ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും. ചിലപ്പോള്‍ കൂടെ നായകനായി അഭിനയിച്ച താരത്തിന്റെ അമ്മയായോ, തന്നേക്കാള്‍ പ്രായം കൂടിയ നടന്റെ അമ്മയായോ ചേച്ചിയായോ ഇവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. പിന്നെ പതിയെ പതിയെ വെള്ളിത്തിരയില്‍ നിന്നുതന്നെ ഇവര്‍ അപ്രത്യക്ഷരാകും. അതുപോലൊരു നായികയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.’
ഗ്രേസി എന്ന സിനിമാതാരത്തിന്റെ കഥയാണ് നായിക പറയുന്നത്. മലയാളത്തിലെ മുന്നിരനായികമാരില് ഒരാളായിരുന്ന ഗ്രേസി പെട്ടെന്ന് വെള്ളിത്തിരയില്‍നിന്ന് അപ്രത്യക്ഷയാവുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അലീന എന്ന മാധ്യമപ്രവര്‍ത്തക ഗ്രേസിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ശ്രമിക്കുന്നു. ഗ്രേസി വെള്ളിത്തിരയില്‍ നിന്നും മാഞ്ഞുപോകാനുണ്ടായ സാഹചര്യങ്ങള്‍ അലീന കണ്ടെത്തുന്നു. മംമ്തയാണ് അലീനയെ അവതരിപ്പിക്കുന്നത്.
പഴയകാലത്തെ പ്രമുഖ നായകനായ ആനന്ദിനെയാണ് ജയറാം അവതരിപ്പിക്കുന്നത്. പത്മപ്രിയ ഗ്രേസിയുടെ യൗവനം അവതരിപ്പിക്കുന്നു. അക്കാലത്തെ പ്രമുഖ സിനിമാ സ്റ്റുഡിയോയുടെ ഉടമസ്ഥനായ സ്റ്റീഫന്‍ മുതലാളിയെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.
മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേംനസീറിന്റെയും സത്യന്റെയും രൂപഭാവങ്ങള്‍ ജയറാമില് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ജയരാജ് പറയുന്നു. അക്കാലത്തുണ്ടായ വിവാദങ്ങളുടെ ചുരുളഴിക്കാനല്ല തന്റെ ശ്രമം, മറിച്ച് ആ കാലത്തെ സിനിമാ മേഖലയെ പുനരാവിഷ്കരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സംവിധായകന് വ്യക്തമാക്കി.
കെ.പി. എ.സി.ലളിത, സബിതാ ജയരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മകയിരം ക്രിയേഷന്റെ ബാനറില്‍ തോമസ് ബെഞ്ചമിനാണ് നായിക നിര്‍മ്മിക്കുന്നത്. സിനു മുരിക്കുംപുഴയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ അര്ജുനന് സംഗീതം നല്കുന്ന ഗാനങ്ങളും ചിത്രത്തിലുണ്ടാവും. ഇതിനു പുറമേ കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനത്തിന്റെ റീമിക്സും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ആലപ്പുഴയിലാണ് നായികയുടെ ചിത്രീകരണം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല