സ്വന്തം ലേഖകന്‍: കോഴിക്കോട് അഴുക്കുചാലില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ഓട്ടോ ഡ്രൈവര്‍ ബലി നല്‍കിയത് സ്വന്തം ജീവന്. നൗഷാദ് എന്ന യുവാവാണ് ഒരു പരിചയവും ഇല്ലാത്തവരുടെ ജീവന് രക്ഷിക്കാനായി സ്വന്തം ജീവന് ത്യജിച്ചത്. കോഴിക്കോട് കുരുവിശേരി സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ പി നൗഷാദ്.
യാത്രക്കാരെ ഇറക്കിയ ശേഷം റോഡരുകിലെ കടയില്‍ ചായകുടിച്ച് നില്‍ക്കുമ്പോഴാണ് തൊഴിലാളികള്‍ മാന്‍ഹോളില്‍ അകപ്പെട്ടത് നൗഷാദ് കാണുന്നത്. ഉടന്‍ തന്നെ നൗഷാദും മാന്‍ഹോളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ചുറ്റും നിന്നവര്‍ എതിര്‍ത്തെങ്കിലും അതൊക്കെ അവഗണിച്ചായിരുന്നു നൗഷാദ് മാന്‍ഹോളിലേയ്ക്ക് ഇറങ്ങിയത്.
രണ്ട് ജീവനുകള്‍ രക്ഷിയ്ക്കാന്‍ നൗഷാദ് ശ്രമിച്ചെങ്കിലും നൗഷാദിന് സ്വന്തം ജീവന് നഷ്ടമാവുകയായിരുന്നു. മുപ്പത്തിരണ്ട് വയസുള്ള നൗഷാദ് രണ്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. സഫീനയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പാണ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവാവ്.
നൗഷാദിനെ കൂടാതെ ഓട നന്നാക്കാനിറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളും വിഷവാതകം ശ്വസിച്ച് മരിച്ചു. കെ.എസ്.യു.ഡി.പി.യിലെ കരാര്‍ തൊഴിലാളികളായ നരസിംഹം, ഭാസ്ക്കര്‍ എന്നീ ആന്ധ്ര സ്വദേശികളാണ് മരിച്ചത്. നല്ല പെരുമാറ്റത്തിന് പേരുകേട്ട കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതീകമായി മാറുകയാണ് നൗഷാദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല