എ പി രാധാകൃഷ്ണന്‍: ഹന്ത ഭാഗ്യം ജനാനാം!!! നാരായണീയത്തില്‍ ശ്രീ മേല്പത്തൂര്‍ ഭട്ടതിരി പാടിയ അതേ അനുഭവം, ജനങ്ങളുടെ ഭാഗ്യം തന്നെ!!! സഹസ്ര ദീപപ്രഭയില്‍ ആറടി ശ്രീ ഗുരുവായൂരപ്പന്‍ , രാഗ പുഷ്പാഞ്ജലി അര്‍പിച്ചു സംഗീതോപാസകര്‍, നിറഞ്ഞു കവിഞ്ഞ ഭക്തജന സദസ്, അതെ ഇന്നലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങള്‍ എത്ര വര്‍ണിച്ചാലും തീരുകയില്ല. മന്ത്ര മുഖരിതമായ സന്ധ്യയില്‍ ഭക്തിയും സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ സാക്ഷാല്‍ ഗുരുപവനപുരി തന്നെയായി തീര്‍ന്നു ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇന്നലെ. ഇനി അടുത്ത മാസത്തെ മണ്ഡലപൂജയും തിരുവാതിര മഹോത്സവതിനുമുള്ള കാത്തിരിപ്പ്.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് 5 മണിമുതല്‍ പരിപാടികള്‍ ശുഭാരംഭം കുറിച്ചു. ഋഗ്വേദത്തിലെ ഗണേശ സ്തുതി ചൊല്ലി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ബാലവേദി കുട്ടികള്‍ അവതരിപിച്ച ഭജന ഭാഗവതത്തിലെ പ്രഹ്ലാദ ഭക്തിപോലെ നിര്‍മലമായിരുന്നു. നവനീത്, സിദ്ധാര്‍ത്, അശ്വിന്‍ സുരേഷ്, അപര്‍ണ, ഗൗരി, ദേവിക, ദേവിക പന്തല്ലൂര്‍ നന്ദന, ഋഷി എന്നിവര്‍ ആലാപന നിരക്കു നേതൃത്വം കൊടുത്തപ്പോള്‍ യുര്‍താന്‍ ശിവദാസ് മൃദഗത്തിലും കണ്ണന്‍ ഗഞ്ചിരയില്ലും താളം തീര്‍ത്തു. തുടര്‍ന്ന് ആറുമണിയോടെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഗീതോത്സവം സമാരംഭിച്ചു. ആദ്യമായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ കുസൃതികളും ലീലകളും മഹനീയമായി വര്‍ണിച്ച കുറിഞ്ചി രാഗത്തിലുള്ള അന്നമാചാര്യ കൃതി ‘മുദുഗാരെ യശോദാ’ എന്നാ കീര്‍ത്തനം അതിമനോഹരമായി ആലപിച്ചുകൊണ്ട് കേവലം എട്ടും അഞ്ചും വയസു പ്രായമായ അപര്‍ണ, ഗൗരി എന്നീ കുട്ടികള്‍ സദസിനെ വിസ്മയിപിച്ചു.
തുടര്‍ന്ന് ബാങ്കളൂര്‍ സ്വദേശി അരുണ്‍ ജതവേധതിന്റെ ഊഴമായിരുന്നു. ശേഷം കീര്‍ത്തനാലപനുവുമായി ജനനന്‍ മോഹനന്‍ വേദിയെ അലങ്കരിച്ചു. പിന്നീട് രഹന്യ ശരണ്യ എന്നീ സഹോദരിമാരുടെ വയലിന്‍, ഹരിശന്‍ മോഹനരാജ, അനിശന്‍ മോഹനരാജ എന്നിവരുടെ പുലാങ്കുഴാല്‍ കച്ചേരി, സുബാന്യ ശിവദാസിന്റെ വീണ കച്ചേരി ദുരൈ സഹോദരന്മാരായ പ്രവീണ്‍ കുമാര്‍ നിതീഷ് കുമാര്‍ എന്നിവരുടെ വയലിന്‍ കച്ചേരി എന്നിവ യഥാക്രമം നടന്നു.സംഗീതോത്സവത്തിലെ പ്രധാന ഇനമായ പ്രത്യേക കച്ചേരി നടത്തിയ ചെന്നൈ സിസ്റ്റെര്‍സ് എന്നറിയപെടുന്ന ജയശ്രീ പത്മനാഭന്‍ ശ്രീനിധി പത്മനാഭന്‍ എന്നിവര്‍ നടത്തിയ കച്ചേരി അതിഗംഭീരം എന്നു പറയാതെ തരമില്ല. അവസാനമായി പങ്കെടുത്തവര്‍ എല്ലാവരും ചേര്‍ന്ന് പഞ്ചരത്‌ന കൃതിയിലെ അവസാനത്തെ കൃതിയായ ശ്രീരാഗത്തിലുള്ള ‘എന്തരോ മഹനുബവുലു’ എന്ന കീര്‍ത്തനം പാടി ഈ വര്‍ഷത്തെ സംഗീതോത്സവം പൂര്‍ത്തിയാക്കിയപ്പോള്‍ രാത്രി 10 മണിയായിരുന്നു സമയം.സംഗീതോത്സവത്തില്‍ പകമേളം ഒരുക്കി കൊണ്ട് മൃദംഗത്തില്‍ സേലം ജെ പത്മനാഭന്‍, യുര്‍തന്‍ ശിവദാസ് എന്നിവരും ഗഞ്ചിരയില്‍ ഹരിശന്‍ മോഹനരാജയും നിറസാന്നിധ്യമായി. സംഗീതോത്സവത്തിന്റെ പൂര്‍ണമായ വീഡിയോ എത്രയും നേരത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ യു ട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
ദീപാരധക്കുശേഷം വിപുലമായ അന്നദാനവും ഉണ്ടായിരുന്നു. പൂജകള്‍ക്ക് ശ്രീ മുരളി ഐയര്‍ നേതൃത്വം നല്‍കി. എല്ലാ പരിപാടികളും ആദ്യം മുതല്‍ അവസാനം വരെ ചാരുതയോടെ അവതരിപിച്ചുകൊണ്ട് ഡയാന അനില്‍കുമാര്‍ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല