1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2015

അജിമോന്‍ ഇടക്കര: കലാസ്വാദകര്‍ക്കും ഫോബ്മ അംഗങ്ങള്‍ക്കും എന്നെന്നും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഒരു മയില്‍ പീലി കൂടി നല്‍കി കൊണ്ടു ഫോബ്മ കലോത്സവത്തിന് ബര്‍മിങ്ങ്ഹാമില്‍ ശനിയാഴ്ച കൊടിയിറങ്ങി. ജയിച്ചവരും തോറ്റവരും കാണികളും വിധികര്‍ത്താക്കാളും വിശിഷ്ടാതിഥികളും ഒന്ന് പോലെ അത്യുജ്ജ്വലം എന്ന് വിശേഷിപ്പിച്ച, ഫോബ്മയുടെ വളര്‍ച്ചയില്‍ നാഴികകല്ലായ ഒരു ദിവസമായിരുന്നു കടന്നു പോയത്.

പോയ വര്‍ഷത്തെ കലോത്സവത്തിന്റെ അതേ കെട്ടിലും മട്ടിലും സംഘാടന പാടവത്തിലും അരങ്ങേറിയ കലോത്സവം ഇത്തവണയും യാതൊരു പരാതിക്കും ഇട കൊടുക്കാതെ മനുഷ്യ മനസ്സുകളെ തമ്മില്‍ സ്‌നേഹത്തിലും കൂട്ടായ്മയിലും ഒന്നിപ്പിച്ച ഒരു സൌഹൃദ മത്സര വേദിയായിരുന്നു. വര്‍ണ്ണ വിസ്മയങ്ങള്‍ വാരി വിതറി കൊച്ചു കലാകാരന്മാരും കലാകാരികളും ചിലങ്ക അണിഞ്ഞു ഭാവരാഗതാളലയത്തില്‍ അരങ്ങില്‍ എത്തിയപ്പോള്‍ കലയുടെ ഒരിക്കലും വിസ്മരിക്കാത്ത ഒരു പകലാണ് ബര്‍മിങ്ങ്ഹാമില്‍ പിറന്നു വീണത്.

വിശിഷ്ടാതിഥിയായി എത്തിയ പ്രസിദ്ധ സിനിമ നടനും സംവിധായകനുമായ ശങ്കറിനെയും മുഖ്യ അതിഥി മഞ്ജു ഷാഹുല്‍ ഹമീദിനേയും വിസ്മയിപ്പിച്ച പ്രകടനങ്ങള്‍ ആയിരുന്നു വേദിയില്‍ അരങ്ങേറിയത്. ശങ്കറിന്റെ അടുത്ത സിനിമയിലേയ്ക്ക് ഉടനെ നടക്കുന്ന ഒഡീഷനില്‍ പങ്കെടുക്കുവാനുള്ള ക്ഷണം അവിടെ വച്ചു തന്നെ ഏതാനും പ്രതിഭധനര്‍ക്കു നല്കാനും ശങ്കര്‍ മടി കാണിച്ചില്ല.

പ്രതികൂല കാലാവസ്ഥ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചതെങ്കിലും രാത്രി പത്തു മണിക്ക് മുന്‍പ് തന്നെ സമ്മാനദാനമടക്കമുള്ള എല്ലാ പരിപാടികളും പൂര്‍ത്തിയാക്കുവാന്‍ സംഘടകര്‍ക്ക് കഴിഞ്ഞു.

വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് കലാപ്രതിഭ കലാതിലക പട്ടങ്ങള്‍ക്കൊപ്പം ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പോന്‍സര്‍ ചെയ്ത സ്വര്‍ണ്ണ നാണയങ്ങള്‍ സ്വന്തമാക്കിയത് ഫോബ്മ കലോത്സവം 2015 നു ഉജ്ജ്വല പരിസമാപ്തി, പ്രതിഭയുടെ മിന്നല്‍ പിണരുകള്‍ ഒളി വെട്ടിയ വേദികള്‍, ഹള്ളില്‍ നിന്നുള്ള സാന്‍ ജോര്‍ജ് തോമസ് കലാപ്രതിഭ, ആറു വയസ്സുകാരി ഇവ മരിയ കുര്യാക്കോസ് കലാതിലകം , ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂള്‍ ടീമിലെ സാന്‍ ജോര്‍ജ് തോമസ്സും ആറു വയസ്സുകാരി ഇവ മരിയ കുര്യക്കോസുമാണു.

ഗാന മത്സരം, മോണോ ആക്ട് , ഫാന്‍സി ഡ്രസ്സ് , ഗ്രൂപ്പ് സോങ്ങ് എന്നിവയില്‍ ലഭിച്ച ഒന്നാം സ്ഥാനങ്ങളും മിമിക്രിയില്‍ ലഭിച്ച രണ്ടാം സ്ഥാനവും ആണു സാന്‍ ജോര്‍ജിന് കലാപ്രതിഭ പട്ടം നേടി കൊടുത്തത് . പാലക്കാട്, വടക്കാഞ്ചേരി സ്വദേശിയായ സാന്‍ തന്റെ മാസ്റ്റേര്‍സ് ഡിഗ്രി ഇവിടെ പൂര്‍ത്തിയാക്കി ഇപ്പോള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് റീജിയണല്‍ കലാതിലകം വിപിണ്‍ മന്നങ്ങോട്ട് കലാപ്രതിഭ പട്ടത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്നു. സ്റ്റോറി റ്റെല്ലിങ്ങ്, സിനിമാറ്റിക് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഉയര്‍ന്ന വിഭാഗത്തിലെ മോണോ ആക്ടില്‍ രണ്ടാം സ്ഥാനവും നേടിയ ഇവ ഒരേ വ്യക്തിഗത പോയിന്റ് നേടി ഒപ്പമെത്തിയ ബ്ലാക്പൂളില്‍ നിന്നെത്തിയ അനഘ ബിനീഷിനെ തന്റെ ഗ്രൂപ്പിനത്തിലെ പോയിന്റ് കൊണ്ടു തോല്‍പ്പിച്ചാണ് കലാതിലക പട്ടം സ്വന്തമാക്കിയത്.

ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂളിന്റെ അമരക്കാരില്‍ പ്രധാനികളായ ഡോ. ജോജി കുര്യക്കോസിന്റേയും ഡോ. ദീപ ജേക്കബിന്റെയും മകളായ ആറു വയസ്സുകാരി ഇവ ഹള്‍ ഹെസ്സില്‍ മൌന്റ്‌റ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണു. ഡോ ജോജി സൈക്യാട്രിസ്റ്റ് കണ്‍സള്‍ട്ടന്റായും ഡോ. ദീപ ഹിസ്റ്റോപാത്തോളജി മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ആയും ആണു ജോലി ചെയ്യുന്നത് . ക്ലാസിക്കല്‍ ഡാന്‍സ് , മോഹിനിയാട്ടം, ഐറിഷ് ഡാന്‍സ്, ബാല്ലെറ്റ് ഡാന്‍സ്, പിയാനോ എന്നിവയിലും വിദഗ്ധ പരിശീലനം നടത്തുന്ന ഇവ എന്ന കൊച്ചു മിടുക്കി ഭാവിയുടെ വാഗ്ദാനമാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

കിഡ്‌സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഇവ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തിലെ ചാമ്പ്യന്‍ പട്ടം അനഘ ബിനീഷും സീനിയര്‍ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടം ജനീറ്റ റോസ് തോമസും ആണു കരസ്ഥമാക്കിയത്. കഴിഞ്ഞ വര്ഷത്തെ ഫോബ്മ കലാതിലകം ആയിരുന്നു സകലകലാവല്ലഭ ആയ ജനീറ്റ റോസ് തോമസ് . ഗ്രൂപ്പിനങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയതു കൊണ്ടാണു അനഘക്ക് കലാതിലക പട്ടം കൈവിട്ടു പോയത്.

ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ അവ്വൈഷന്മുഖി ആയി തിളങ്ങിയ ധീരജ് ജയകുമാര്‍ ആണ് ശങ്കറിന്റെ സിനിമയുടെ ഒഡീഷനിലേക്കു നേരിട്ടു സെലക്ഷന്‍ ലഭിച്ച കലാകാരന്മാരിലൊരാള്‍. വളരെ മനോഹരമായി കവിത ആലപിച്ചു കാണികളെ കയ്യിലെടുത്ത കിഡ്‌സ് വിഭാഗത്തിലെ അര്‍ജുന്‍ ജയ് നായര്‍ക്കിതു രണ്ടാം വിജയമാണ്. കഴിഞ്ഞ വര്‍ഷവും ഈ വിഭാഗത്തില്‍ അര്‍ജുന്‍ തന്നെ ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്.

കുട്ടികളുടെ റൈമിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ ആഗ്‌നെസ് മരിയ തോമസിന്റെ ഗാനാലാപനം കേട്ട് കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സൌത്ത് രീജിയനില്‍ നിന്ന് കലാതിലക പട്ടം നേടിയ സോണ്‍സി സാം തിരുവാതിലില്‍ ആയിരുന്നു കാണികളുടെ കയ്യടി നേടിയ മറ്റൊരു ബഹുമുഖ പ്രതിഭ. ആവശ്യത്തിനു മത്സരാര്‍ത്ഥികള്‍ ഇല്ലാത്തത് കൊണ്ടു മത്സരസ്വഭാവം ഇല്ലാത്ത ഏതാനും ഇനങ്ങളുടെ പോയിന്റ് നില കലാതിലക കലാപ്രതിഭ /തിലക തെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ല.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ബെസ്റ്റ് അസോസിയേഷന്‍ സമ്മാനം കരസ്ഥമാക്കിയ ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂള്‍ ടീമിലെ മുഴുവന്‍ അംഗങ്ങളും തങ്ങള്‍ക്കു ലഭിച്ച ക്യാഷ് അവാര്‍ഡുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ ചാരിറ്റിക്ക് കൊടുത്തു കൊണ്ടു പ്രവാസി മലയാളികള്‍ക്കാകെ ഉത്തമ മാതൃക ആയിരിക്കുകയാണ്. നാട്ടിലുള്ള ഏതെങ്കിലും ഒരു പാവപ്പെട്ടവനെ സഹായിക്കുവാനായി 250 പൌണ്ടോളം വരുന്ന തുക മാറ്റിവച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിന്റെ അഭൂതപൂര്‍വ്വവിജയത്തിന് പിന്നാലെ കടന്നു വന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഈ വര്‍ഷവും വിജയകരമായി നടന്ന കലോത്സവം ഫോബ്മ സാരഥികളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രതിഫലമായി മാറി. രാവിലെ 11 മണിക്കു മറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ഫോബ്മ പ്രസിഡന്റ് ഐസ്സക് ഉമ്മന്‍ ആദ്യ തിരി തെളിയിച്ചു കലോത്സവം ഉത്ഘാടനം ചെയ്തു. പിന്നീട് ഇടതടവില്ലാതെ അരങ്ങേറിയ മത്സരങ്ങള്‍ പൂര്‍ത്തിയായത് രാത്രി ഏഴര മണിക്കാണ്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത് പോലെ വൈകുന്നേരം ആറു മണിക്ക് തന്നെ മുഖ്യ അതിഥികള്‍ പൊതുയോഗത്തിനും സമ്മാനദാന ചടങ്ങിനുമായി എത്തിയിരുന്നെങ്കിലും അവസാനഘട്ട മത്സരങ്ങളുടെ മാസ്മരികതയില്‍ അതിഥികളും മയങ്ങി പോയി.

സമ്മാനദാനം അവസാനിക്കും മുന്‍പേ ശങ്കറിന് പോകേണ്ടി വന്നെങ്കിലും അവസാന നിമിഷം വരെ വേദിയില്‍ ഇരുന്നു വളരെ സന്തോഷത്തോടെ പരിപാടികള്‍ ആസ്വദിച്ച, മലയാളികളുടെ അഭിമാനമായ മഞ്ജു ഷാഹുല്‍ ഹമീദ് കാണികളുടേയും സംഘാടകരുടെയും പ്രത്യേക ആദരവ് ഏറ്റുവാങ്ങി. ഒരു മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ വീറും വാശിയും പ്രകടിപ്പിക്കുന്നതിന് പകരം ഒരു കാര്‍ണിവല്‍ ആഘോഷത്തിന്റെ രസഭാവങ്ങള്‍ ആണ് കലോത്സവ വേദിയില്‍ ഉണ്ടായിരുന്നത്. തികച്ചും സൌജന്യമായി, ക്യാഷ് അവാര്‍ഡുകള്‍ സഹിതം അവതരിപ്പിച്ച ഫോബ്മ കലോത്സവം പതിവ് പോലെ ഇത്തവണയും വളരെയധികം വ്യത്യസ്ഥതകള്‍ പുലര്‍ത്തിയ ഒന്നായിരുന്നു .

കലോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.