സ്വന്തം ലേഖകന്‍: എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്). എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ശംഖുമുഖം കടപ്പുറത്ത് വച്ചായിരുന്നു പ്രഖ്യാപനം.
വെള്ളയും കുങ്കുമച്ചുമപ്പും ആണ് പാര്‍ട്ടിയുടെ കൊടിയുടെ നിറം. കൂപ്പുകൈ ആയിരിയ്ക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം. സ്‌നേഹത്തിന്റേയും ആദരവിന്റേയും പ്രതീകമാണ് കൂപ്പുകൈ എന്ന ചിഹ്നം എന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.
ആയിരക്കണക്കിന് പേരാണ് ശംഖുമുഖം കടപ്പുറത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. രാജ്യത്ത് വര്‍ഗ്ഗീയത പടര്‍ത്തുന്നതില്‍ ദൃശ്യമാധ്യമങ്ങളാണ് കുറ്റക്കാര്‍ എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം.
‘സേവ് കേരള, ബില്‍ഡ് കേരള’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
തങ്ങളുടെ പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. തങ്ങളുടേത് മതേതര പാര്‍ട്ടിയാണ് എന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു.
വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രഖ്യാപന പ്രസംഗം. വിഎസ് കപട ആദര്‍ശവാദിയാണെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. മതേതരം എന്നത് കള്ളനാണയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല