സ്വന്തം ലേഖകന്‍: കനത്ത ആള്‍നാശവും ദാരിദ്രവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം ആസന്നം, നില്‍ക്കക്കള്ളിയില്ലാതെ കുട്ടിപ്പോരാളികളെ രംഗത്തിറക്കി ഭീകരര്‍. സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചുനില്‍ക്കാനായി കുട്ടികളെ വ്യാപകമായി സൈന്യത്തില്‍ ചേര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പത്തുവയസ്സുകാരനടക്കം നിരവധി കുട്ടികള്‍ സംഘടനയുടെ ഭാഗമായിക്കഴിഞ്ഞതായി യു.എസ്. സൈനിക കമാന്‍ഡ് കേണല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. ഐ.എസ്. ക്യാമ്പുകളില്‍ കുട്ടികളുടെ സാന്നിധ്യം നേരത്തേയുമുണ്ടായിരുന്നെങ്കിലും അടുത്തിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിരിക്കയാണ്. ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കും ബന്ദികളെ കൊലചെയ്യാനുംമറ്റും കുട്ടികളെ ഉപയോഗിക്കുന്നതിന് തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷികള്‍ ആക്രമണം ശക്തമാക്കിയതോടെ സിറിയയില്‍ വന്‍ ആള്‍നാശമാണ് ഐ.എസ്സിനുണ്ടായത്. ഒന്നുമറിയാത്ത കുട്ടികളെ ഇത്തരത്തില്‍ യുദ്ധമുഖത്തേക്കയക്കുന്നത് തീര്‍ത്തും മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് റൈഡര്‍ ചൂണ്ടിക്കാട്ടി.
23,000 മുതല്‍ 33,000 വരെ തീവ്രവാദികള്‍ ഇതുവരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ വിലയിരുത്തല്‍. കുട്ടിത്തീവ്രവാദികള്‍ സിറിയന്‍ സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങളെ വധിക്കുന്ന വീഡിയോ ഐ.എസ്. പുറത്തുവിട്ടതിനു പിറകെയായിരുന്നു പാറ്റ് റൈഡറുടെ പ്രതികരണം.
ആറു കുട്ടികളും ഒരു ഐ.എസ്. തീവ്രവാദിയും ബന്ദികളുമാണ് വീഡിയോയിലുള്ളത്. നേതാവിന്റെ ആഹ്വാനപ്രകാരം ഇതില്‍ അഞ്ചുകുട്ടികള്‍ ബന്ദികളെ വെടിവച്ചും ഒരു കുട്ടി ബന്ദിയെ കഴുത്തറുത്തും കൊല്ലുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്. ഇതിനൊപ്പമുള്ള മറ്റൊരു വീഡിയോയില്‍ നിരവധി കുട്ടികള്‍ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിന്റെയും ആയുധ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല