സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് മുല്ലപ്പെരിയാര്‍, ജലനിരപ്പ് 141.7 അടി, കനത്ത മഴയും നീരൊഴുക്കും ഭീഷണിയാകുന്നു. അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ 142ലത്തെുമെന്നാണ് വിലയിരുത്തല്‍. സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് പൊതുമരാമത്ത്‌സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്‌സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
അണക്കെട്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ ഉപസമിതി അംഗങ്ങളായ ജോര്‍ജ് ദാനിയേല്‍, പ്രസീദ് എന്നിവര്‍ കുമളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ 141ന് മുകളിലത്തെിയതോടെ ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്റെ നേതൃത്വത്തില്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചെങ്കിലും പിന്നീട് യോഗം ചേരാതെ ചെയര്‍മാന്‍ മടങ്ങി.
ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ ഗാലറിക്കുള്ളിലൂടെ പുറത്തേക്ക് ഒഴുകുന്ന സീപേജ് ജലത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. മിനിറ്റില്‍ 148.52 ലിറ്ററായാണ് സീപേജ് വര്‍ധിച്ചത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിന് പിന്നിലും കാണപ്പെട്ട ചോര്‍ച്ചക്കും ശക്തിയേറി. ഇതിനിടെ, ജലനിരപ്പ് 142ന് മുകളിലേക്ക് ഉയര്‍ന്നാല്‍ ജലം എങ്ങോട്ട് തുറന്നുവിടണമെന്ന കാര്യത്തില്‍ തമിഴ്‌നാട്ടില്‍ ആശയക്കുഴപ്പം തുടരുകയാണ്.
മഴ വീണ്ടും ശക്തിപ്പെട്ടാല്‍ ജലം സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കിയിലേക്കും ഇല്‌ളെങ്കില്‍ തേക്കടി ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 2000 ഘനയടിയെന്ന തോതില്‍ തമിഴ്‌നാട്ടിലേക്കും ഒഴുക്കാനാണ് തീരുമാനം. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ എത്ര ഘനയടിജലം ഒഴുകിയത്തെുമെന്നറിയാതെ പരിഭ്രാന്തിയിലാണ് അണക്കെട്ടിന്റെ താഴ്വാരത്തെ ജനം. അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അണക്കെട്ട് തുറക്കുന്നതിനു 24 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ തേനി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല