സ്വന്തം ലേഖകന്‍: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍. ചെന്നൈ സ്വദേശിയായ പൂമി ദൊരൈയുടെ മൃതദേഹമാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ കണ്ടെത്തിയത്. മീന്‍പിടിക്കാന്‍ പോയ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. എന്‍ പൂമി ദൊരൈ, എന്‍ ജി ഓ കോളനി, കാമരാജ് നഗര്‍. ചെന്നൈ 94 എന്നതാണ് കാര്‍ഡിലെ വിലാസമെന്ന് ട്രിങ്കോമാലി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആനന്ദന്‍ പറഞ്ഞു. ശ്രീലങ്കന്‍ നേവി മൃതദേഹം ട്രിങ്കോമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയായിരുന്നു.
ചെന്നൈയിലെ കാള്‍ ടാക്‌സി അസോസിയേഷനാണ് പൂമി ദൊരൈയുടെ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത്. തിരയിളക്കത്തില്‍ ഒഴുകിയൊഴുകിയാകാം പൂമി ദൊരൈയുടെ മൃതദേഹം ശ്രീലങ്കയില്‍ എത്തിപ്പെട്ടത് എന്നാണ് കരുതുന്നത്.
നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും തമിഴ്‌നാട്ടില്‍ നാനൂറിലധികം പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. മഴ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുടെ ഞെട്ടലില്‍ നിന്നും മഹാനഗരമായ ചെന്നൈ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കിടപ്പാടത്തില്‍ വെള്ളം കയറിയവരും വീട്ടുസാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയവരും സര്‍ട്ടിഫിക്കറ്റുകളടക്കം ഒഴുകിപ്പോയവരും പതിയെ ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല