സ്വന്തം ലേഖകന്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മലയാളി വൈദികന് പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികന് അരീപ്പാലം പതിശ്ശേരി ഫാ. എഡ്വിന് ഫിഗറസ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരിക്കുമ്പോഴാണ് പള്ളിമേടയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലകുറി പീഡിപ്പിച്ചതായാണ് കേസ്. മാസങ്ങളായി ഒളിവിലായിരുന്ന ഫാ. എഡ്വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫാ. എഡ്വിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്പെഷല്‍ ലീവ് അപേക്ഷയും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ കീഴടങ്ങിയത്.
പതിനാലുകാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പുത്തന്‍വേലിക്കര പോലീസ് ഫാ. എഡ്വിന് ഫിഗറസിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തതോടെ ഇദ്ദേഹം വിദ്യാര്‍ത്ഥിനിയെ പലകുറി പീഡിപ്പിച്ചതായി കണ്ടെത്തി.
പോലീസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വികാരി യു.എ.ഇ.യിലേക്ക് കടന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകന് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് ബിഹാറിലെ മധുബനി, കാലവരായ ഗ്രാമം, ആന്ധ്രയിലെ തിരുപ്പതി, തമിഴ്നാട്ടിലെ വേളാങ്കണ്ണി, ഉത്തര്‍പ്രദേശിലെ മഥുര, ഉത്തരാണ്ഡിലെ ഹരിദ്വാര്‍, ഹിമാചല്‍ പ്രദേശിലെ മണാലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകനായി താമസിച്ചുവരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല