സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട റഷ്യയുടെ രഹസ്യ കത്തുകള്‍ പുറത്തായി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും നടത്തിയ രഹസ്യ കത്തുകളാണ് നേതാജിയുടെ അനന്തരവനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ആശിഷ് റോയി പുറത്തുവിട്ടത്. 1991 മുതല്‍ 95 വരെ ഇരുരാജ്യങ്ങളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമാറിയ കത്തുകളാണിവ.
സുഭാഷ് ചന്ദ്ര ബോസ് 1945ലോ അതിനുശേഷമോ റഷ്യയില്‍ എത്തിയിട്ടുണ്ടോ എന്നാണ് 1991ല്‍ എഴുതിയ ഒരു കത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചോദിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന്റെ മുന്‍പ്രസിഡന്റ് തങ്ങളുടെ രാജ്യത്ത് താമസിച്ചതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു 1992ല്‍ റഷ്യ മറുപടി നല്‍കിയത്.
നേതാജിയെക്കുറിച്ച് ചരിത്രരേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ മൂന്നു വര്‍ഷത്തിന് ശേഷം റഷ്യയോട് വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യം നല്‍കിയ മറുപടിതന്നെയാണ് റഷ്യ വീണ്ടും നല്‍കിയത്.
സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനയാണ് ഈ കത്തിടപാടുകളെന്ന് ആശിഷ് റോയി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ അടുത്ത മാസം പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
1945 ആഗസ്റ്റ് 18ന് തായ്‌വാന്റെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്‌ളെന്നാണ് പലരും വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കമീഷനുകള്‍ വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല