സ്വന്തം ലേഖകന്‍: വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) ക്ക് ചിഹ്നമായി ‘കൂപ്പുകൈ’ കിട്ടില്ലെന്ന് ഉറപ്പായി.
നിലവിലെ പാര്‍ട്ടി ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നം അനുവദിയ്ക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിച്ചത്. ഇനിയെന്തായാലും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് പുതിയ ചിഹ്നം കണ്ടെത്തേണ്ടി വരും.
കോണ്‍ഗ്രസ്സിന്റെ കൈപ്പത്തിയോട് സാമ്യമുള്ളതാണ് ‘കൂപ്പുകൈ’ ചിഹ്നം എന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് രംഗത്ത് വന്നിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് സുധീരന് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരുന്നു.
എന്തായാലും പാര്‍ട്ടിയ്ക്ക് ‘കൂപ്പുകൈ’ ചിഹ്നം അനുവദിയ്ക്കണം എന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയോ പാര്‍ട്ടി നേതാക്കളോ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി ഭാരവാഹികളെ പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വെള്ളാപ്പള്ളി നടേശന് നടത്തിയ സമത്വ മുന്നേറ്റയാത്രയുടെ സമാപനത്തിലായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നവും പതാകയും അന്ന് തന്നെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല