സ്വന്തം ലേഖകന്‍: ബെംഗുളുരുവില്‍ ബൈക്കിലെത്തി മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലാണ് 26 കാരിയായ ബിന്ദു അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ഫ്രേസര്‍ ടൗണിലെ ആന്ധ്ര ബാങ്ക് റോഡില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഒരു നിമിഷം കൊണ്ട് മനോധൈര്യം വീണ്ടെടുത്ത ബിന്ദു ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടികൂടി. ബിന്ദുവിനെയും വലിച്ചുകൊണ്ട് ഏതാണ്ട് 150 മീറ്ററോളം മുന്നോട്ട് പോയ ബൈക്ക് ഒരു മതിലില്‍ ഇടിച്ച് മറിഞ്ഞുവീണു.
ബൈക്ക് മറിഞ്ഞുവീണതോടെ പിന്നില്‍ ഇരുന്ന ആള് ഫോണുമായി ഓടി രക്ഷപ്പെട്ടു. വണ്ടി ഓടിച്ചിരുന്ന ആളും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അടുത്തുള്ള കോണ്‍വെന്റിന്റെ മതില് ചാടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മതില് ചാടിയ ഇയാളെ അവിടെയുണ്ടായിരുന്ന കന്യാസ്ത്രീ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടുകയും മൊബൈല്‍ മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പുലികേശി നഗര്‍ പോലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് മനസിലായി. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇവരുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലാണ്. ഫ്രേസര്‍ ടൗണിന് സമീപത്ത് ജോലി ചെയ്യുന്ന ഒരു ബ്യൂട്ടീഷനാണ് ബിന്ദു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല