സ്വന്തം ലേഖകന്‍: ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍. കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ വെള്ളം ഒഴിഞ്ഞു പോയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. എവിടേയും മാലിന്യങ്ങള്‍ മാത്രമായതോടെ പകര്‍ച്ച വ്യാധി ഭീതിയിലാണ് നഗരവാസികള്‍.
ഈ സാഹചര്യത്തിലാണ് തമിഴകത്തിന്റെ പ്രിയ താരങ്ങളായ ആര്യയും കാര്‍ത്തിയും വരലക്ഷ്മിയും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയത്.
വെള്ളപ്പൊക്കം ദുിതം വിതച്ച ചെന്നൈയെ പഴയ ചെന്നൈ ആക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്യയും കാര്‍ത്തിയും പറഞ്ഞു. നടികര്‍ സംഘത്തിലെ മറ്റു ചിലരും മാലിന്യ നിര്‍മാര്‍ജനത്തില്‍ യുവതാരങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങി.
ആയിരക്കണക്കിന് കോടിയുടെ നഷ്ടമാണ് വെള്ളപ്പൊക്കവും മഴയും ചെന്നൈയില്‍ ഉണ്ടാക്കിയത്. നഗരത്തെ പഴയ രീതിയിലേയ്ക്ക് തിരിച്ചെത്തിയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല