സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ്. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട് കുള്ളനാണെന്നാണ് എതിര്‍വാദം.
ഭൂമിയില്‍നിന്ന് പ്ലൂട്ടോയിലേക്ക് ഉള്ളതിന്റെ ആറിരട്ടി ദൂരത്തിലാണു വലിയ വസ്തുവിന്റെ സ്ഥാനം. എന്തായാലും ഇതു സൗരയൂഥത്തോട് വളരെ അടുത്തതാണെന്ന കാര്യത്തില്‍ ഇരുവിഭാഗവും യോജിപ്പിലാണ്.
സ്വീഡനിലെയും മെക്സിക്കോയിലെയും ശാസ്ത്രജ്ഞരാണു അല്‍മ ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഗ്രഹം കണ്ടെത്തിയത്.
വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണു ‘തവിട്ടുകുള്ളന്’ വാദം. ഈ വിഭാഗത്തിലുള്ള വസ്തുക്കള്‍ക്ക് അണുസംയോജനം വഴി ഊര്‍ജം ഉല്പാദിപ്പിച്ചു പൂര്ണനക്ഷത്രത്തിന്റെ ദശയിലേക്കു കടക്കാനുള്ള താപനില കൈവരിക്കാനാകില്ല . ജ്യോതിശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുവിനെ തവിട്ടു കുള്ളന്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ‘പരാജയപ്പെട്ട നക്ഷത്രങ്ങള്‍’ എന്നും വിളിക്കാറുണ്ട്. വ്യാഴത്തിനു അല്പംകൂടി പിണ്ഡം ഉണ്ടായിരുന്നെങ്കില്‍ തവിട്ടുകുള്ളന് ആയി മാറുമായിരുന്നു.
സൂര്യന്റെ അയല്‍ക്കാരനായ ആല്‍ഫ സെന്‍ടോറി എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള ഗവേഷണമാണു പുതിയ ഗ്രഹത്തില്‍ എത്തിച്ചേര്‍ന്നത്.
ഇതു സൗരയൂഥത്തിന്റെ ഭാഗമാകാമെന്നാണു കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന് മൈക് ബ്രൗണിന്റെ നിഗമനം. ഹാര്‍വാര്‍ഡ് സ്മിസൊനിയന് സെന്ററിലെ ജൊനാഥന് മക് ഡൗവെലിന് ഈ ഗ്രഹത്തെ സൗരയൂഥത്തിനു പുറത്തുള്ളതായി കാണാനാണു താല്പര്യം. പുതുഗ്രഹം സൗരയൂഥത്തിനു പുറത്താണെന്നാണു നാസയുടെ അനൗദ്യോഗിക നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല