സ്വന്തം ലേഖകന്‍: ദേശീയ സ്കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തില്‍ തന്നെ ദേശീയ സ്കൂള്‍ കായികമേള നടത്താന്‍ തീരുമാനമായിരിക്കുന്നത്. കോഴിക്കോടു വച്ച് ജനുവരി 25 മുതല്‍ 30 വരെയാകും മത്സരങ്ങള്‍.
ഫിബ്രവരിയില്‍ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയും തിരഞ്ഞെടുപ്പും വരുന്നതിനാല്‍ മേള നടത്തുന്നത് നേരത്തെ ആക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
നേരത്തെ മഹാരാഷ്ട്രയിലാണ് സ്കൂള്‍ കായികമേള നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം നടത്തണമെന്ന് മഹാരാഷ്ട്ര പിന്നീട് തീരുമാനിക്കുകയായിരിക്കുന്നു. അതോടെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെ തുടര്‍ന്ന് മേള നടത്തുന്നതില്‍ നിന്ന് മഹാരാഷ്ട്ര പിന്മാറുകയായിരുന്നു.
മഹാരാഷ്ട്ര പിന്മാറിയതോടെ, ഈ വര്‍ഷം മേള നടക്കില്ലെന്ന പ്രതീതി ജനിച്ചു. ആ സമയം, വിഷയത്തില്‍ ഇടപെട്ട പിടി ഉഷയും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും മേള കേരളത്തില്‍ നടത്തണമെന്ന അഭിപ്രായം ഉന്നയിച്ചു. അതോടെ കേരളത്തില്‍ തന്നെ മേള നടത്തണമെന്ന ആവശ്യം ഉയര്‍ന്നു.
ജനുവരിയിലാണെങ്കില്‍ മേള നടത്താന്‍ തയ്യാറാണെന്ന് മന്ത്രിസഭാ യോഗം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. അതോടെ കേന്ദ്രവും അനുകൂലമായ നിലപാട് സ്വീകരിച്ചു. കോഴിക്കോട് മേള നടത്താന്‍ സജ്ജമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല