സ്വന്തം ലേഖകന്‍: ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. ബഹിരാകാശ യാത്രാ ഗവേഷണ രംഗത്ത് പ്രതീക്ഷ നല്‍കി ആകാശത്തേയ്ക്ക് തൊടുത്ത റോക്കറ്റ് ആദ്യമായി സുരക്ഷിതമായി താഴെയിറക്കി. പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ചശേഷം സ്വയം കത്തി തീരുന്ന റോക്കറ്റുകള്‍ എന്ന പരമ്പരാഗത രീതിക്ക് ഇതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.
സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് തിരിച്ചിറക്കാവുന്ന ആദ്യ റോക്കറ്റെന്ന ബഹുമതി നേടിയത്. ഫ്‌ളോറിഡയിലെ കേപ് കാനവേറലില്‍ നിന്നായിരുന്നു പരീക്ഷണ പറക്കല്‍. പരീക്ഷണം വിജയകരമായതായി കമ്പനി ട്വിറ്ററിലൂടെ വിശദീകരിക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
ഫാല്‍ക്കണ്‍ 9 ന്റെ മുന്‍ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. റോക്കറ്റിനൊപ്പമുണ്ടായിരുന്ന ബഹിരാകാശ നിലയത്തിലേക്കുള്ള സാമഗ്രികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമം ഫലം കണ്ടിരുന്നില്ല. ഫാല്‍ക്കണ്‍ 9ന്റെ പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല