1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2015

സ്വന്തം ലേഖകന്‍: ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് കൊല നടത്തിയ സംഭവത്തില്‍ രണ്ടു കുട്ടികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡ ജില്ലയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിലാണ് രണ്ട് കുട്ടിക്കുറ്റവാളികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഗോമാംസം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒന്നുമില്ലാത്തത് വിവാദമായിട്ടുണ്ട്.

കുറ്റപത്രത്തില്‍ 15 പേരാണുള്ളതെന്നും ബുധനാഴ്ച അറസ്റ്റ് ചെയ്ത രണ്ടുപേരെ അഡീഷനല്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും ദാദ്രി ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അനുരാഗ് സിങ് പറഞ്ഞു. രണ്ടുപേര്‍ ഒളിവിലാണെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അനുരാഗ് സിങ് കൂട്ടിച്ചേര്‍ത്തു.

കുറ്റപത്രത്തില്‍ ഗോമാംസ പരാമര്‍ശം ഇല്ലാത്തതിനെ അനുരാഗ് സിങ് ന്യായീകരിച്ചു. പശുവിനെ അറുത്തെന്ന് തൊട്ടടുത്ത ക്ഷേത്രത്തില്‍നിന്ന് വിളിച്ചുപറഞ്ഞാണ് പ്രതികള്‍ അഖ്‌ലാഖിന്റെ വീട് ആക്രമിച്ചതെന്ന് കേസ് ഡയറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം ഗോമാംസമാണെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്.

എന്നാല്‍, മാംസം ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ റിപ്പോര്‍ട്ട് ഇതുവരെയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വരുന്നമുറക്ക് അക്കാര്യവും കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ അടക്കം ആകെ 19 പ്രതികളാണ് കേസിലുള്ളത്.

സെപ്റ്റംബര്‍ 28നാണ് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ ആഹ്വാന പ്രകാരം മുഹമ്മദ് അഖ്‌ലാഖ് എന്ന 52 കാരനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ചു കയറി അടിച്ചു കൊന്നത്. അഖ്‌ലാഖിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളവരും അയല്‍ക്കാരുമാണ് പ്രതികളെന്ന് ആക്രമണത്തില്‍ പരിക്കേറ്റ മകന്‍ ദാനിഷ് മൊഴി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.