സ്വന്തം ലേഖകന്‍: കാബൂളില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴി പ്രധാനമന്ത്രി മോദിയുടെ മിന്നല്‍ പാകിസ്താന്‍ സന്ദര്‍ശനം. അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലേയ്ക്ക് മടങ്ങും വഴിയാണ് മോദി പാകിസ്താനില്‍ ഇറങ്ങിയത്. ലാഹോറില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീടു സന്ദര്‍ശിച്ച മോദി തീവ്രവാദം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ട്വീറ്റ് ചെയ്തു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയ്ക്ക് ശേഷം പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഡിസംബര്‍ 25 ന് ഉച്ചക്ക് മോദിയെ വിമാനത്താവളത്തില്‍ നവാസ് ഷെരീഫ് നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് ഇരു നേതാക്കാളും ഷരീഫിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെയായിരുന്നു ഈ നടപടികളെല്ലാ, പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി.
2016 ല്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി പാകിസ്താനില്‍ എത്തുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അതേ സമയം സുരക്ഷ കാരണങ്ങളെത്തുടര്‍ന്ന് മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം രഹസ്യമാക്കി വച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിയ്ക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക ഇടപെടലായിട്ടാണ് മോദിയുടെ സന്ദര്‍ശനത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല