സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം അരീക്കോട് സ്വദേശികളായ ഷാദില്‍, മാതാവ് മുംതാസ്, ഷാദിന്റെ മൂന്ന് വയസ്സുള്ള മകള്‍ ഹൈറിന് എന്നിവരാണ് മരിച്ചത്. മദീന സന്ദര്‍ശിച്ചശേഷം മക്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മദീനയില്‍ നിന്നും മക്കയിലേക്ക് വരുന്ന വഴിയില്‍ മക്ക എത്തുന്നതിന് 120 കിമീ മുമ്പ് അല്‍ കാമില്‍ എന്ന സ്ഥലത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. വാഹനം ഒടിച്ചിരുന്ന ഷാദില്‍ ഉറങ്ങിപോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
മക്കയിലെ സ്റ്റാര്‍ മാസ് അറേബ്യ എന്ന കമ്പനിയിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയറാണ് ഷാദില്‍. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ മാതാപിതാക്കളോടൊപ്പം മദീനയില്‍ പോയി മടങ്ങിവരുന്നവഴിക്കാണ് അപകടം നടന്നത്.
അപകടത്തില്‍ ഷാദിലിന്റെ ഭാര്യ രിഷന, പിതാവ് കരീം മാസ്റ്റര്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കലൈസിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല