സ്വന്തം ലേഖകന്‍: പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തതിന്റെ പേരില്‍ വിവാഹ വിലക്ക് നേരിട്ട റാഹേലിന്റെ കുടുംബത്തിനു മുന്നില്‍ ഒടുവില്‍ പള്ളി മുട്ടുമടക്കി. റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം പളളിയില്‍ തന്നെ വച്ച് നടത്താന്‍ ധാരണയായി.
ഓല്ലൂര്‍ ഫൊറാന പള്ളിയിലെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച കരിമരുന്ന്പ്രയോഗത്തിനെതിരെയാണ് റാഫേലിന്റെ കുടുംബം കോടതിയെ സമീപിച്ചത്. ഇതോടെയാണ് പള്ളി അധികൃതരും ഇടവകയും ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം പള്ളിയില്‍ വച്ച് നടത്താന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് പൊതുപ്രകടനം പോലും നടന്നു.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പള്ളിയും പ്രകടനം നടത്തിയവരും പൊതുസമൂഹത്തിനു മുന്നില്‍ നാണംകെട്ടു. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ സഭാ അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
ഡിസംബര്‍ 24 നാണ് തൃശൂര്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ സഭ അധികൃതരും റാഫേലിന്റെ കുടുംബവും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ജില്ലാ കളക്ടറുടേയും അസിസ്റ്റന്റ് കമ്മീഷണറുടേയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
റാഫേലിന്റെ കുടുംബത്തിന് പള്ളി വക വലിയൊരു തുക നഷ്ടപരിഹാരം നല്‍കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ഒപ്പം റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം ഒല്ലൂര്‍ ഫോറാന പള്ളിയില്‍ വച്ച് തന്നെ നടത്തും. ജനുവരി 3 നാണ് വിവാഹം.
വരും വര്‍ഷങ്ങളില്‍ ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിയ്ക്കും ഇത്.
സഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പള്ളിയ്‌ക്കെതിരെ നല്‍കിയ എല്ലാ കേസുകളും പിന്‍വലിയ്ക്കുമെന്ന് റാഫേലിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. പള്ളിയില്‍ നിന്ന് ലഭിയ്ക്കുന്ന നഷ്ടപരിഹാരത്തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുകയെന്നും സഞ്ജു ടി റാഫേല്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല