സ്വന്തം ലേഖകന്‍: ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം. നാവിക സേനാ കപ്പലായ ഐ.എന്‍.എസ്. കൊല്‍ക്കത്തയില്‍ നിന്നായിരുന്നു വിക്ഷേപണം. ദീര്‍ഘദൂര ഭൂതല വ്യോമവേധ മിസൈലായ ബരാക്കിന് 70 കിലോമീറ്ററാണ് ദൂരപരിധി.
വ്യോമപ്രതിരോധ രംഗത്ത് ബരാക്ക് 8 ന്റെ വിജയം നിര്‍ണായക വഴിത്തിരിവാണെന്ന് നാവിക സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിവേഗം ചലിച്ചുകൊണ്ടിരുന്ന രണ്ടു ലക്ഷ്യങ്ങളിലേക്ക് ചൊവ്വാഴ്ചയും ഇന്നലെയുമായി രണ്ടു മിസൈലുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചത്. ഇരു മിസൈലുകളും ലക്ഷ്യം ഭേദിച്ചു.
വിവിധോപയോഗ സര്‍വെയ്ലന്‍സ് ആന്‍ഡ് ത്രട്ട് അലര്‍ട്ട് റഡാറും (എം.എഫ്. എസ്.ടി.എ.ആര്.) മിസൈലിനൊപ്പം ഉണ്ട്. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചെടുത്ത എം.എഫ്. എസ്.ടി.എ.ആര്. റഡാര്‍ ഒരേസമയം 250 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ അനവധി വ്യോമ ലക്ഷ്യങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്നതാണ്.
നാവികസേനയും ഡി.ആര്.ഡി.ഒയും ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആണ് ബരാക് 8 മിസൈല്‍ വികസിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല