സ്വന്തം ലേഖകന്‍: ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്. ലണ്ടന്‍, പാരിസ്, മോസ്കോ, ബ്രസല്‍സ്, അങ്കാറ, മാഡ്രിഡ്, ന്യൂയോര്‍ക് തുടങ്ങി ലോകരാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളുടെ പുതുവത്സരാഘോഷം ആക്രമണഭീതിയുടെ നിഴലിലായിരുന്നു. ഭീകരപ്പേടി കാരണം ബ്രസല്‍സ് എല്ലാ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.
ലണ്ടനിലെയും പാരിസിലെയും തെരുവുകളില്‍ സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ പുതുവത്സരദിനത്തിലും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്ന മോസ്കോയിലെ ചുവന്ന ചത്വരം അടച്ചു. ലണ്ടനില്‍ 3000 പേരടങ്ങുന്ന സൈന്യത്തെ വിന്യസിച്ചതായി സ്കോട്ലന്ഡ് യാഡ് വ്യക്തമാക്കി. മഡ്രിഡില്‍ 600 പൊലീസുകാരാണ് നഗരത്തിലുടനീളം സുരക്ഷാ വലയൊരുക്കിയത്.
പാരിസിലെ ചാംസ് എലിസീസില്‍ എല്ലാ വര്‍ഷവും നടത്താറുണ്ടായിരുന്ന കരിമരുന്നു പ്രയോഗവും മാറ്റിവെച്ചു. തലസ്ഥാനനഗരിയില്‍ പൊലീസും സൈന്യവും പട്രോളിങ് തുടരുകയാണ്.
ജപ്പാനില്‍ ടോക്യോ ടവറില്‍ ബലൂണുകള്‍ പറത്തി ആഘോഷിച്ചപ്പോള്‍ വടക്കന്‍ കൊറിയക്കാര്‍ പുരാതന നഗരമായ പാജുവില് വെടിക്കെട്ട് നടത്തിയും പരമ്പരാഗത ബെല്‍ മുഴക്കിയുമാണ് ആഘോഷിച്ചത്. പസഫിക് ദ്വീപായ കിരീബാത്തിയില് ആണ് ഏറ്റവും ആദ്യം പുതുവര്‍ഷം എത്തിയത്. പിന്നീട് ആസ്ട്രേലിയയും ന്യൂസിലാന്റും 2016 നെ വരവേറ്റു. ഇരുരാജ്യങ്ങളും വെടിക്കെട്ടോടെയാണ് പുതുവര്‍ഷത്തെ സ്വീകരിച്ചത്.
വെള്ളത്തിനടിയില്‍ നിന്ന് സംഗീതോപകരണങ്ങള്‍ വായിച്ച് ചൈന ആഘോഷങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവന്നു. ഈജിപ്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തോടെ ലോകാത്ഭുതമായ പിരമിഡുകള്‍ക്ക് സമീപത്തായി വേദികളൊരുക്കി കലാപരിപാടികള്‍ സംഘടിപ്പിച്ചു. ദുബൈയില്‍ ബുര്‍ജ് ഖലീഫ നാല് ലക്ഷത്തോളം എല്‍.ഇ.ഡി ലൈറ്റുകള്‍കൊണ്ടും കരിമരുന്ന് പ്രയോഗവുമുണ്ടായി.
ഇന്ത്യയില്‍ വിവിധ നഗരങ്ങളിലും പുതുവര്‍ഷപ്പിറവി വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല