സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ ലഫ്റ്റ്നന്റ് കേണലിന് വീരമൃത്യു, മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി. വ്യോമതാവളത്തിനുള്ളില്‍ കടന്നിട്ടുണ്ടെന്നു കരുതുന്ന ഭീകരനായി തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതേസമയം എത്രഭീകരര് സൈനികതാവളത്തില്‍ കടന്നിട്ടുണ്ട് എന്നതും മരിച്ച ഭീകരരുടെ എണ്ണവും സംബന്ധിച്ചു കടുത്ത ആശയക്കുഴപ്പമുണ്ട്. വൈകിട്ട് ഏഴുമണിയോടെ വ്യോമതാവളത്തിനുള്ളില്നിന്നു വെടിയൊച്ചയും സ്ഫോടനശബ്ദവും കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സൈനികനടപടികള്‍ക്കിടെ മലയാളിയായ എന്‍.എസ്.ജി. ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ ഉള്‍പ്പെടെ ഏഴു സുരക്ഷാ ഭടന്മാര്ക്കു ജീവന് നഷ്ടമായി. ശനിയാഴ്ച മൂന്നുസൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റ മൂന്നുസൈനികര്‍ ഇന്നലെ മരണത്തിനു കീഴടങ്ങി. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍നിന്നു ഗ്രനേഡ് നീക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണു നിരഞ്ജന്‍കുമാര്‍ മരിച്ചത്. എന്‍.എസ്.ജിയുടെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘാംഗമായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ പാലക്കാട് മണ്ണാര്‍കാട് എളമ്പുലാശേരി സ്വദേശിയാണ്.
നിരഞ്ജന് ഉള്‍പ്പെട്ട സംഘമാണു തെരച്ചിലിനായി ഇന്നലെ സൈനിക ക്യാമ്പിലെത്തിയത്. സ്ഫോടനത്തില്‍ ഒപ്പമുണ്ടായിരുന്ന നാലു സൈനികര്‍ക്കു പരുക്കുണ്ട്. ഡോ. രാധികയാണു നിരഞ്ജന്റെ ഭാര്യ. മകള്‍ വിസ്മയ(രണ്ടു വയസ്). നിരഞ്ജന്റെ മൃതദേഹം കുടുംബമൊത്തു താമസിക്കുന്ന ബംഗളുരുവിലേക്കു കൊണ്ടുപോകും. സംസ്കാരം പിന്നീട് എളമ്പുലാശേരിയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല