സ്വന്തം ലേഖകന്‍: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ഇന്നലെ വൈകിട്ട് 4.20 ന് സൈനിക ഹെലികോപ്റ്ററില്‍ ഗവ. വിക്ടോറിയ കോളജ് മൈതാനിയില്‍ കൊണ്ടുവന്ന മൃതദേഹം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഏറ്റുവാങ്ങി.
നിരഞ്ജന്റെ പിതാവ് ശിവരാജനും ഭാര്യ രാധികയും സഹോദരങ്ങളും അനുഗമിച്ചു. പ്രത്യേക ആംബുലന്‍സില്‍ സൈനികരുടെയും പോലീസിന്റെയും അകമ്പടിയോടെ വിലാപയാത്രയായി എലമ്പുലാശേരിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴു മുതല്‍ പതിനൊന്നുവരെ കെ.എ.യു.പി. സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു തറവാട്ടു വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ബംഗളുരുവില്‍നിന്നു റോഡ് മാര്ഗമെത്തിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും പിന്നീടു ഹെലികോപ്റ്ററില്‍ വിക്ടോറിയ മൈതാനത്തോ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പ് മൈതാനിയിലോ എത്തിക്കുമെന്ന വിവരം ലഭിച്ചു. ഉച്ചയോടെ വിക്ടോറിയ മൈതാനമാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടേക്ക് ജനപ്രവാഹമായി.
നിരഞ്ജന്റെ പിതൃസഹോദരങ്ങളായ കെ. സേതുമാധവന്, കെ. വിദ്യാധരന്, അമ്മാവന് ഗംഗാധരന്, ബന്ധുക്കളായ ഹരിഗോവിന്ദന്, രാജഗോപാല്‍, മണികണ്ഠന്, സുരേഷ്, ബാബു മാസ്റ്റര്‍ എന്നിവര്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല