1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2016

സ്വന്തം ലേഖകന്‍: ആരായിരുന്നു നാഗവല്ലിയുടെ സ്വരം? മണിച്ചിത്രത്താഴ് സിനിമ 22 വര്‍ഷത്തിനു ശേഷം വിവാദത്തിലേക്ക്. മണിച്ചിത്രത്താഴ് സിനിമയിലെ നിത്യഹരിത ഹിറ്റായ നാഗവല്ലിയുടെ ഡയലോഗുകള്‍ ഡബ് ചെയ്തതാരെന്ന ചോദ്യമാണ് ഇപ്പോഴത്തെ വിവാദ വിഷയം. വിടമാട്ടെ, വിടമാട്ടെ എന്നു തുടങ്ങുന്ന ആ ഡയലോഗ് ചെയ്തത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ഫാസില്‍ രംഗത്തെത്തി.

കഴിഞ്ഞ 22 വര്‍ഷമായി മലയാളികള്‍ വിശ്വസിച്ചിരുന്നത് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ഈ രംഗങ്ങളില്‍ ശോഭനക്ക് ശബ്ദം നല്‍കിയത് എന്നാണ്. കാരണം മറ്റു സീനുകളില്‍ ശോഭനയുടെ ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. അപ്പോള്‍ സംഭവിച്ചതെന്ത്? സംവിധായകന്റെ വാക്കുകള്‍,

‘നേരത്തെ നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. എന്നാല്‍ തമിഴ് ഡയലോഗിന് മലയാള ചുവയുണ്ടെന്ന് കാണിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ തന്നെ നാഗവല്ലിയുടെ സംഭാഷണം വന്നാല്‍ അത് ഗംഗയാണെന്ന് തിരിച്ചറിയില്ലേ എന്നും ചിലര്‍ ചോദിച്ചിരുന്നു. എല്ലാം പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് ദുര്‍ഗയെ വിളിച്ച് ഡബ്ബ് ചെയ്യിപ്പിക്കുന്നത്. ഈ വിവരം ഭാഗ്യലക്ഷ്മിയെ അറിയിക്കാന്‍ വിട്ടുപോയി. അവസാന ഘട്ടമായതിനാല്‍ ടൈറ്റില്‍ കാര്‍ഡുകളെല്ലാം പോയികഴിഞ്ഞിരുന്നു. മിക്‌സിം തൊട്ടുമുന്‍പായതിനാല്‍ ടൈറ്റിലില്‍ ദുര്‍ഗയുടെ പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ടൈറ്റില്‍ സോംഗ് പാടിയ ജി വേണുഗോപാലിന്റെ പേരും ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു,’ ഫാസില്‍ വെളിപ്പെടുത്തുന്നു.

‘ഡബ്ബിംഗ് ചെയ്തിട്ട് ഇത്രയും നാള്‍ പേരു പറയാത്തതില്‍ വിഷമം തോന്നുന്നുണ്ട്. ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണെങ്കിലും തന്റെ പേരു പറഞ്ഞില്ല. എന്നാല്‍ ഇത്രയും കാലത്തിന് ശേഷം ഇപ്പോള്‍ തന്റെ പേര് പുറത്തു പറഞ്ഞതില്‍ സന്തോഷം തോന്നുന്നു. എന്നാല്‍ പുറത്തു കൊണ്ടുവരാന്‍ സുഹൃത്ത ശ്രീജ ഒരുപാട് ശ്രമിച്ചിരുന്നു. മാധ്യമങ്ങല്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ദുര്‍ഗ പറയുന്നു. തെലുങ്കിലും തമിഴിലെയുമൊക്കെ മാധ്യമങ്ങള്‍ സ്ത്യം പുറത്തു കൊണ്ടുവരാന്‍ കഷ്ടപ്പെടില്ല. ഇപ്പോഴെങ്കിലും എന്റെ ജോലിയുടെ ഫലം ജനം അറിഞ്ഞില്ലോ,’ എന്നായിരുന്നു ദുര്‍ഗയുടെ പ്രതികരണം.

അതേസമയം ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും ഇത്ര കാലത്തിനു ശേഷം ഇത് ചോദിക്കുന്നത് എന്തിനാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മി നല്‍കിയതല്ലെന്ന് ഫാസില്‍ വെളിപ്പെടുത്തിയതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്ത വേഷമാണ് മണിച്ചിത്രത്താഴിലെ ഗംഗ/ നാഗവല്ലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.