സ്വന്തം ലേഖകന്‍: തിരക്കൊഴിഞ്ഞു, ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് ഗള്‍ഫ് വിമാന കമ്പനികള്‍. ദുബായില്‍ നിന്ന് വിമാനയാത്ര നടത്തുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളുടെ ചാകര ഒരുങ്ങിയിരിക്കുന്നത്. സീസണ് കഴിഞ്ഞതോടെയാണ് വന്‍ ഓഫറുകളുമായി പ്രമുഖ വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്.
ഫ്ലൈ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തര്‍ എയര്‍, എയര്‍ അറേബ്യ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം തുടങ്ങിയ വിമാനക്കമ്പനികളാണ് വന്‍ ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പ്രധാന അവധിക്കാല കേന്ദ്രങ്ങളിലേക്കാണ് ഓഫറുകളില്‍ ഏറിയ പങ്കും.
ഫ്ലൈ എമിറേറ്റ്സ് വന്‍ ഓഫറുകളാണ് ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ജനുവരി 18 നുള്ളില്‍ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്ര നവംബര്‍ 30 നുള്ളില്‍ എപ്പോഴെങ്കിലും ആയാല്‍ മതി. ഫ്ലൈ എമിറേറ്റ്സിന് സമാനമായ ഓഫറുകളാണ് എത്തിഹാദും മുന്നോട്ട് വയ്ക്കുന്നത്.
ഖത്തര്‍ എയര്‍ അവരുടെ നിരക്കുകളില്‍ 35 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ജനുവരി 19 മുതല്‍ ഡിസംബര്‍ 15 വരെ ഈ ഓഫര്‍ പ്രകാരമുള്ള ഇളവ് ലഭിയ്ക്കും. എന്നാല്‍ ബുക്കിംഗ് ഇപ്പോഴേ നടത്തണം എന്ന് മാത്രം.
പ്രമുഖ വിമാനക്കമ്പനിയായ എയര്‍ അറേബ്യയും ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. മാര്‍ച്ച് 15 വരെയാണ് ഇവരുടെ ഓഫറുകള്‍ ഉള്ളത്. എയര്‍ ഫ്രാന്‍സും കെഎല്‍എമ്മും യൂറോപ്പിലേയക്കും അമേരിയ്ക്കയിലേക്കും ഉള്ള സര്‍വ്വീസുകള്‍ക്കാണ് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗള്‍ഫ് എയറിന്റെ ഭാഗമായ ഗള്‍ഫ് ട്രാവലറും ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനുവരി 12 നും ഫെബ്രുവരി 2 നും ഇടയില്‍ ബുക്ക് ചെയ്താല്‍ ആനുകൂല്യം ജൂണ്‍ 30 വരെ ഉപയോഗിയ്ക്കാം.
പൊതുവെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവു വരുന്ന മാസങ്ങളാണ് ജനുവരി, ഫെബ്രുവരി. ഈ പ്രതിസന്ധി മറികടക്കാനാണ് വിമാന കമ്പനികള്‍ ഉഗ്രന്‍ ഓഫറുകളുമായി മത്സരിക്കാന്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല