1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2011

ജോണ്‍ മുളയങ്കില്‍

ലോകത്തെവിടെയും നല്ലതല്ലാത്ത കുറേ ചിന്തകളാണ് പൊളിറ്റിക്കല്‍ പാര്‍ട്ടികളെപ്പറ്റി സാധാരണ ജനങ്ങള്‍ക്കുള്ളത്. നമ്മുടെ ഇന്ത്യയിലായാലും ഇവിടെ ബ്രിട്ടനിലായാലും അതിനു വലിയ മാറ്റം ഉണ്ടാകാറില്ല. നമ്മുടെ ഈ രണ്ടു രാജ്യത്തെ പൊളിറ്റിക്കല്‍ ഭരണരീതിയെ ഒന്ന് വിശകലനം ചെയ്തുനോക്കാം. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലാലും മുകളില്‍പറഞ്ഞ അഭിപ്രായങ്ങള്‍ക്കു കാതലായമാറ്റം വന്നിട്ടുമുല്ല.

പല അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു എന്‍.ആര്‍.ഐ മലയാളി പോലുള്ള പത്രമാധ്യമങ്ങളിലൂടെ ഇത് രാഷ്ട്രീയ കക്ഷികളുടെ കര്‍ണപുടങ്ങളില്‍ എത്തിയ്ക്കാന്‍ സാധിച്ചാല്‍ ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്നവര്‍ക്കു ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമെങ്കിലും എത്തിയ്ക്കാന്‍ സാധിച്ചാലോ. അത് കേരളത്തിന്റെ വളര്‍ച്ചക്കുള്ള ഊന്നുവടിയാകുകയും ചെയ്യും.

ഗാഢമായി ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റി ചിന്തിച്ചാല്‍ വിശാലമായി കിടക്കുന്ന കടലിനോട് ഉപമിയ്ക്കാം. അവിടെ തിമിംഗലങ്ങളും വമ്പന്‍ സ്രാവുകളും മുതല്‍ ഇങ്ങേയറ്റത്തുള്ള ചെറുമീനുകള്‍വരെ പൊങ്ങിയും ഊളിയിട്ടും കളിയ്ക്കുന്നുണ്ട്. അതുമുഴുവന്‍ കോരാന്‍ പോയാല്‍ നമ്മുടെ വല മൊത്തം കീറിപ്പോകും. കോടികള്‍ കൊള്ളയടിച്ചു അന്യനാട്ടിലെ ബാങ്കുകളില്‍ സ്വരുക്കൂട്ടി ആ നാട്ടുകാരെ സംരക്ഷിക്കുന്ന (സ്വരാജ്യ സ്‌നേഹികളായ) വമ്പന്‍ സ്രാവുകളും കൂട്ടിയിട്ട നോട്ടുകളുടെ പുറത്തുറങ്ങിയാലും മതിവരാത്ത തിമിംഗലങ്ങളും ഡയറിയും കക്ഷത്തിലിടുക്കി അന്നന്നത്തെ അപ്പത്തിനും മിനുങ്ങാനുമുള്ളത് സമ്പാദിക്കാന്‍ ഇറങ്ങുന്ന പരല്‍ മീനുകളും അവിടങ്ങു തത്തിക്കളിക്കട്ടെ

നമുക്ക് നമ്മുടെ കൊച്ചുകേരളത്തിലേക്കു വരാം. ദൈവത്തിന്റെ നാടെന്ന് കൊത്തിവച്ച പേര് ഒരിക്കലും അങ്ങനെയാവാന്‍ സമ്മതിയ്ക്കാത്തവരുടെ നാട്ടില്‍കൂടി ഒന്നു ഊളിയിടാം.

സോഷ്യലിസം എന്നു പറഞ്ഞാല്‍ മഹാബിലി ചിന്തിച്ചതുപോലെ, എല്ലാവരും ഒരുപോലെ, വലിയവനും ചെറിയവനും എന്ന വ്യത്യാസം ഇല്ല,ഓരോരുത്തന്റെയും കയ്യില്‍ ആവശ്യത്തിനു പണം,കൂടുതല്‍ കൂട്ടി വയ്ക്കില്ല, ഇല്ലാത്തവനു ഉള്ളവന്‍ കൊടുക്കും,നടക്കാത്തവനെ ഒന്നിച്ചു കൈപിടിച്ചു നടത്തും എന്നൊക്കെ പറഞ്ഞ് നമ്മുടെ മുത്തച്ഛന്‍മാരായിട്ടു തുടങ്ങിയ രാഷ്ട്രീയമാണല്ലോ കമ്മ്യൂണിസം. ഇതേ ഇസം തലമുറ തലമുറ കൈമാറി, ഇപ്പോള്‍ നമ്മുടെ തലമുറയിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. ഇതു ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത് ? സോഷ്യലി എവിടെയോ പോയി മറഞ്ഞു. സം മാത്രം നിലനില്‍ക്കുന്നു. സംതിങ്ങ്.. അതെ എല്ലാവര്‍ക്കും ഇപ്പോള്‍ വേണ്ടത് അതുമാത്രമാണ്. സംതിംങ്ങ് കിട്ടണം. എന്തിനും ഏതിനും നാടുനന്നാക്കുമ്പോഴും ( നാട്ടുകാരെ നന്നാക്കുമ്പോഴും) സംതിംങ്ങ് കിട്ടണം. അങ്ങനെ ഞാനും എന്റെ കുടുംബവും മക്കളും പേര മക്കളും അടുത്തതലമുറയും നന്നാകണം. അതിനുള്ളത് അഞ്ചുവര്‍ഷം കൊണ്ടോ പത്ത് വര്‍ഷം കൊണ്ടോ ഉണ്ടാക്കണം,ഉണ്ടാക്കും എന്ന് കാണിച്ചു തരുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍.

പണ്ട് ഒരു ഇ.എം.എസ് ഉണ്ടായിരുന്നു. ഒന്നും സമ്പാദിയ്ക്കാതെ ജനത്തെ സേവിയ്ക്കാന്‍ ഇറങ്ങിയ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍. പിന്നെ ഒരു നായനാര്‍. അദ്ദേഹവും ഇ.എം.എസിന്റെ പിന്‍ഗാമി കമ്മ്യൂണിസ്റ്റുകാരന്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ ആളായിരുന്നു. ഒരു പക്ഷേ അതേ കുലയില്‍ വിരിഞ്ഞതാകും ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നതും. ‘ ഇസം’ കാര്‍ എല്ലാവരും കൂടി തട്ടിക്കളിച്ചുകൊണ്ടിരിക്കുന്ന ശ്രീ അച്യുതാനന്ദനും. തീര്‍ന്നില്ലെ? ആരുണ്ടു പേരെടുത്തു പറയാന്‍ ഇനി ആ താവഴിയില്‍ ? . എന്റെ നോട്ടത്തില്‍ ഞാന്‍ ആരേയും കാണുന്നില്ല. നിങ്ങളു നോക്കിയിട്ടോ ? ഇനി കേരളത്തിലെ ഏറ്റവും വലിയ കക്ഷി എന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസില്‍ എത്രപേരെ അഴിമതിക്കു കൂട്ടുനില്‍ക്കാത്തവരെന്ന് നമുക്ക് പേരെടുത്ത് പറയാന്‍ പറ്റും ?വിരലിലെണ്ണാന്‍ ഒരു എ.കെ ആന്റണി കാണുമായിരിക്കും.

ശര്‍ക്കര ഭരണിയില്‍ കൈയിട്ടു നക്കാത്തവരെ എവിടെച്ചെന്നു തിരയാനാ കോണ്‍ഗ്രസ് പാളയത്തില്‍.

മുസ്ലീം ലീഗ് കൊടിയുടെ നിറം പോലെ തന്നെ പ്രവര്‍ത്തിയ്ക്കുന്നവരെല്ലാം പച്ചപിടിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സ് പിളരും തോറും വളരും…വളരും തോറും പിന്നേം പിളരും. ഇടയ്ക്ക് കൂട്ടിയോജിപ്പിക്കുന്നിടത്തും മുഴച്ചിരിക്കുന്നതുകൊണ്ടു അവിടെ പൊട്ടില്ല. അതിന്റെ അപ്പുറോം ഇപ്പുറോം പൊട്ടും ഇങ്ങനെ പൊട്ടീം കൂട്ടിയോജിപ്പിച്ചും കളിച്ചുകൊണ്ടിരിക്കുന്ന കക്ഷി ധനസ്ഥാനമോഹങ്ങള്‍ തലയ്ക്ക് പിടിച്ചില്ലായിരുന്നെങ്കില്‍ കേരളം ഒറ്റക്കുഭരിക്കാന്‍ തന്റേടം ഉണ്ടാക്കാമായിരുന്നു. ഇപ്പോഴും ഓല പാമ്പിനെ കാണിച്ച് ഭരിക്കുന്നവരെ പേടിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ?

തെറ്റുപറയരുതല്ലോ ഡോക്ടര്‍ തന്റെ മക്കളെ ഡോക്ടറാകാന്‍ പഠിപ്പിക്കുന്നു. എഞ്ചിനീയര്‍മാര്‍ മക്കളെ എഞ്ചിനീയറും ആക്കുന്നു .. അപ്പോള്‍ പിന്നെ രാഷ്ട്രീയക്കാരുടെ മക്കളെ തെങ്ങേല്‍കേറാന്‍ വിടാന്‍ പറ്റുമോ. അവരും മക്കളെ രാഷ്ട്രീയത്തിന്റെ ചൂളയില്‍ ഇട്ടുപഴുപ്പിച്ചു രാഷ്ട്രീയക്കാരന്‍ ആക്കുന്നു. എന്താ തെറ്റ് ? ഒരു തെറ്റുമില്ല. രാഷ്ട്രീയം എന്നാല്‍ ശമ്പളംപറ്റിക്കൊണ്ട് ജനസേവനം ചെയ്യേണ്ടുന്ന പണിയാണെന്ന് സ്വയം പഠിക്കുന്നുമില്ല,മക്കളെ പഠിപ്പിക്കുന്നമില്ല. അവിടെയാണു രാഷ്ട്രീയക്കാര്‍ക്കു തെറ്റുപറ്റുന്നതും .

രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു കേസുണ്ടായാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി എന്താണ്. ഭരിക്കാന്‍ വരുമ്പോള്‍ ആ കേസ് എടുത്തു അവര്‍ തട്ടിന്‍പുറത്തിന്റെ മൂലയില്‍ കൂട്ടും. പ്രതിപക്ഷക്കാര്‍ തിരിച്ചുവരുമ്പോള്‍ തട്ടിന്‍ പുറത്തുനിന്നു പൊടിതട്ടി എടുത്തു കോടതിയില്‍ കൊണ്ടുപോകും. അതുകുറേനാള്‍ പല കോടതിയുടെ പടവുകള്‍ കയറി ഇറങ്ങി എന്തെങ്കിലും ആയി വരുമ്പോള്‍ ഒരു അഞ്ചുവര്‍ഷം കൂടി മറഞ്ഞു കഴിയും. വീണ്ടും തട്ടിന്‍പുറത്തേക്കു ഇങ്ങനെ കളിച്ചുകളിച്ചു എത്രകേസുകള്‍. ഉദാഹരണത്തിന് കരുണാകരന്റെ പേരില്‍ ഉണ്ടായ പാമോയില്‍ കേസ്.

ഡോക്ട്രേറ്റിന് പഠിക്കുന്ന ഒരാള്‍ തീസിസ് എഴുതാന്‍ ആ ഒറ്റക്കേസ് മതി. അദ്ദേഹത്തിന്‍റെ കാലത്തുണ്ടായ ആ കേസ് ഇപ്പോഴും ഏതോ തട്ടിന്‍പുറത്ത് പൊടിയും മാറാലയും പിടിച്ചു കിടപ്പുണ്ട്. മണ്‍മറഞ്ഞുപോയ ഇന്ത്യ കണ്ട വലിയൊരു രാഷ്ട്രീയ നേതാവിന് എതിരെ ഉണ്ടായ ആ കേസിനെപ്പോലെയാണു മിക്ക കേസുകളും. പശുവം ചത്തു മോരിലെ പുളിയും കെട്ടു.

പറഞ്ഞുവന്നതു ഉണ്ടാക്കുന്നവന്‍ ഉണ്ടാക്കുന്നു. ഇന്ത്യയില്‍ കേരളത്തിലും മറ്റും സ്റ്റേറ്റകളിലും ആര്‍ക്കും തെറ്റായമാര്‍ഗ്ഗത്തില്‍ കൂടി പണം ഉണ്ടാക്കാം. വലിയബുദ്ധിമുട്ടില്ലാതെ, എല്ലാം ജനാധിപത്യത്തിന്റെ മറവില്‍ , രാഷ്ട്രീയക്കാരന്‍ ആയാല്‍ മതി. ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന നിലയിലേക്കു ആയിക്കൊണ്ടിരിക്കുന്നു. അതുരാഷ്ട്രീയക്കാരന്റെ ജന്മാവകാശമായി മാറ്റാന്‍ അധികനാളുവേണ്ടിവരില്ല.

പെന്‍ഷന്‍ പ്രായം ഇല്ലാത്തതു യാചകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമെയുള്ളൂ

.

ഇനി മറുവശം ചിന്തിച്ചാലോ സ്വിസ് ബാങ്കിലും മറ്റു ഇതര രാജ്യങ്ങളിലെ ബാങ്കുകളിലും രാഷ്ട്രീയക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന സ്വത്ത്‌ ഇന്ത്യയിലേക്കു തീര്‍ച്ചയായും കൊണ്ടുവരണം. എന്നാല്‍ അതാര് ചെയ്യും ? പൂച്ചക്ക് ആരുമണികെട്ടും ? ഇവര്‍ തന്നെ തലപ്പത്തിരുന്നു നിയമം ഉണ്ടാക്കുമ്പോള്‍? പല രീതികളിലൂടെയും ഉയര്‍ച്ചയിലേക്കു കുതിയ്ക്കുന്ന മറ്റു രാജ്യങ്ങളെ കണ്ടുപഠിച്ച് അതില്‍ കളങ്കം ചേര്‍ക്കാതെ, നാടിന്റെ പുരോഗതിയ്ക്കു എന്നു മനസ്സിലുറപ്പിച്ചു അതിനുവേണ്ടി പരിശ്രമിയ്ക്കുക ( പ്രത്യേകം ശ്രദ്ധിക്കുക) അവിടെ അഴിമതി പാടില്ല. നടക്കുമോ… ഉത്സാഹിച്ചാല്‍ തീര്‍ച്ചയായും… ഈ കൊച്ചിനു ഈ കഞ്ഞീം പയറും മതി എന്നുവച്ചാല്‍ ഒന്നും നടക്കില്ല. അങ്ങനെ റോഡുകള്‍, പാലങ്ങള്‍, മുറിയാതെ കിട്ടുന്ന വൈദ്യുതി, ക്ലേശമില്ലാത്തയാത്ര സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കു സാധിക്കില്ലെ?

അതെക്കുറിച്ച് അടുത്ത ദിവസം …

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.