ജിജോ അരയത്ത്: യുകെ മലയാളികള്‍ക്കിടയിലും പ്രത്യേകിച്ച് ടോള്‍വര്‍ത്ത് മലയാളികള്‍ക്കിടയിലും വളരെ ചുരുങ്ങിയ ജീവിതകാലയളവില്‍ നിന്നുകൊണ്ട് അവരുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അലനെ ഓര്‍മ്മിക്കുവാനായി യുകെയുടെ നാനാഭാഗത്തുനിന്നും സുഹൃത്തുക്കള്‍ ഒരിക്കല്‍ കൂടി ടോള്‍വര്‍ത്തില്‍ ഒരുമിച്ചു കൂടി അലന്, കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിച്ചു. ‘ എ സെലിബ്രേഷന്‍ ഓഫ് ദി ലൈഫ് ഓഫ് അലന്‍ ചെറിയാന്‍ ‘ എന്ന പേരിട്ട് നല്‍കിയ പ്രോഗ്രാം യുവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ ഫാ. സോജി ഓലിക്കലും ടോള്‍വര്‍ത്ത് ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ് ലിന്‍ച്ചിന്റേയും കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പ്രോഗ്രാമിന് തുടക്കം കുറിച്ചത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം പാരിഷ് ഹാളില്‍ നടത്തിയ പ്രോഗ്രാമില്‍ അലന്റെ കുട്ടിക്കാലത്തേയും യൗവനകാലത്തേയും നിരവധി ഫോട്ടോകളും വീഡിയോക്ലിപ്പുകളും പ്രദര്‍ശിപ്പിക്കുകയുണ്ടായി. തദ്ദേശീയരും വിദേശീയരുമായ നിരവധിയാളുകള്‍ ഒന്ന് ചേര്‍ന്ന് അവരുടെ മനസ്സുകളില്‍ അലനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത് ഏവരേയും കണ്ണീരിലാഴ്ത്തി.
വളരെ ചുരുങ്ങിയ ഒരു സമയം കൊണ്ട് ഒത്തിരിയധികം ആളുകളെ സുഹൃത്തുക്കളായി നേടാനായത് അലന്റെ മാത്രം പ്രത്യേകതയായിരുന്നു. എല്ലാവരേയും കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ സമീപിക്കുകയും പ്രത്യേകിച്ച് മുതിര്‍ന്നവരെ കാണുമ്പോള്‍ അങ്കിള്‍ , ആന്റി എന്നു വിളിച്ചുകൊണ്ട് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്ന അലന്‍ ഇന്നും അനേകം മനസ്സുകളില്‍ ജീവിക്കുന്നു എന്നതിന്റെ മകുടോദാഹരണമായിരുന്നു ടോള്‍വര്‍ത്തില്‍ അലനെ ഓര്‍മ്മിക്കുവാനായി ഒന്നുചേര്‍ന്ന ജനസമൂഹം.
യുകെയിലെ കുട്ടികളെയും യുവാക്കളെയും ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ ഭാഗമായി ആത്മീയതയിലേക്ക് നയിക്കാന്‍ അലന്‍ കാണിച്ചിരുന്ന താല്‍പര്യം തികച്ചും ശ്ലാഘനീയമായിരുന്നു. അത്‌കൊണട് തന്നെ മികച്ച ഒരു വാഗ്മിയും കുട്ടികള്‍ക്കിടയിലെ നല്ല ഒരു സംഘടനയുടെ നേതാവുമാകാന്‍ അലന് കഴിഞ്ഞിരുന്നു.
അലന്റെ സ്‌ക്കൂളിലെ മീഡിയ ടീച്ചര്‍ ലൂയിസ് ബോത്താ, സെഹിയോന്‍ മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ബ്രദര്‍ ജാക്‌സണ്‍, അലനെ ഓര്‍മ്മിച്ചുകൊണ്ടും പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടും സഹോദരി അനീറ്റ ചെറിയാന്‍ എന്നിവര്‍ പ്രസ്തുത പ്രോഗ്രാമില്‍ സംസാരിച്ചു. അലന്റെ യുകെയിലെ സുഹൃത്തുക്കള്‍, ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റി ഇവരാണ് പ്രോഗ്രാമിന് നേതൃത്വം കൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല