സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്ഫോടന പരമ്പരയുമായി ഇസ്ലാമിക് സ്റ്റേറ്റ്, ഏഴു പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ സ്ഫോടന പരമ്പരയിലും വെടിവയ്പിലുമാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ തമ്രിന് സ്ട്രീറ്റിലായിരുന്നു ആക്രമണം.
ഐക്യരാഷ്ട്രസഭയുടെ ഓഫീസും നിരവധി വിദേശരാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അഞ്ച് അക്രമികളെ കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
ഐഎസുമായി ബന്ധമുള്ള പ്രാദേശികസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഇന്തോനേഷ്യന്‍ പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തകര്‍ക്കുന്ന ഇത്തരം പ്രവൃത്തികളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഫേയുടെ പുറത്ത് നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേഷണംചെയ്തു. ഇതിനു സമീപത്തെ തിയറ്ററില്‍ അക്രമികളെ സുരക്ഷാസേന വളഞ്ഞുവച്ചതിനെ തുടര്‍ന്ന് രൂക്ഷമായ വെടിവയ്പുണ്ടായി. പ്രദേശമാകെ പൊലീസും സുരക്ഷാസൈന്യവും വളഞ്ഞു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല