സ്വന്തം ലേഖകന്‍: ഓസ്കര് പുരസ്കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു, ദ റെവനന്റുമായി ഡികാപ്രിയോ മുന്നില്‍. 88 മത് ഓസ്കര് പുരസ്കാരത്തിനുള്ള അന്തിമ നാമനിര്‍ദേശ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്.
അന്തിമ നാമനിര്‍ദേശപട്ടികയില്‍ വിഖ്യാത സ്പാനിഷ് സംവിധായകന് അലക്സാന്ദ്രോ ഗോണ്‍സാലസ് ഇനാരതുവിന്റെ ‘ദ റെവെനന്റ്’ മുന്നില്‍. 12 നാമനിര്‍ദേശമാണ് ചിത്രത്തിനുള്ളത്. 10 നാമനിര്‍ദേശങ്ങളുമായി ‘മാഡ് മാക്സ്: ഫ്യൂറി റോഡ്’ തൊട്ടുപിന്നില്‍. രണ്ടുചിത്രവും മികച്ച ചിത്രത്തിനുള്ള പട്ടികയിലും ഇടംനേടി. ദ ബിഗ് ഷോര്‍ട്ട്, ബ്രിഡ്ജ് ഓഫ് സ്പൈസ്, ബ്രൂക്ലിന്‍, റൂം, സ്പോട്ട്ലൈറ്റ് എന്നിവയും പട്ടികയിലുണ്ട്.
മികച്ച നടനായി കഴിഞ്ഞവര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കുമെന്ന് എഡ്ഡി റെഡ്മേയ്ന് (ഡാനിഷ്ഗേള്) പ്രതീക്ഷിക്കുമ്പോള്‍ കനത്ത വെല്ലുവിളിയുമായി ലിയനാര്‍ഡോ ഡികാപ്രിയോ (ദ റെവെനന്റ്) പട്ടികയില്‍ സ്ഥാനംപിടിച്ചു. ഷാര്‍ലറ്റ് റാംപ്ളിങ് മികച്ച നടിയായും കെയ്റ്റ് വിന്‍സ്ലെറ്റ് സഹനടിയായും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. എണ്പത്തെട്ടാമത് അക്കാദമി അവാര്‍ഡുകള്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഫെബ്രുവരി 28ന് വിതരണംചെയ്യും.
അതേസമയം മലയാളത്തിന്റെ പ്രതീക്ഷയായി മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഇടംനേടിയ ജലം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അന്തിമപട്ടികയില്നിന്ന് പുറത്തായി.
മികച്ച ഗാനം, സംഗീതം എന്നീ ഇനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട കന്നട ചിത്രം ‘രംഗി തരംഗ’, കൊങ്കണി സിനിമ ‘നാചോം–ഇയ കുംപാസര്’ എന്നിവയും അന്തിമപട്ടികയില്‍ ഇടംനേടിയില്ല. മികച്ച വിദേശചിത്രത്തിനായി ഇന്ത്യയില്‍നിന്നു മത്സരിച്ച മറാത്തിചിത്രം ‘കോര്‍ട്ട്’ നേരത്തേതന്നെ പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല