സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്തേന്‍ അയര്‍ലണ്ട് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, ജനുവരി 16 തീയതികളിലായി നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യ ദിനമായ ജനുവരി 9 നു ബാങ്കര്‍ സെന്റ് കോംഗോള്‍ഡ് പാരീഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, ന നറെഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തിയത്.
ബൈബിള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ജനുവരി 16ന് ബെല്‍ഫാസ്റ്റ് സെന്റ്. ലൂയിസ് കോളേജില്‍ വച്ച് പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ആന്‍ട്രിം, ബാങ്കര്‍, ബാലിഹാക്കാമോര്‍, ബെല്‍ഫാസ്റ്റ്, ലിസ്ബന്‍, സീരി, പോര്‍ട്ടാസൌണ്‍ എന്നിവടങ്ങളില്‍ നിന്നായി വിവിധ പ്രായത്തിലുള്ള നൂറു കണക്കിനാളുകള്‍ പങ്കെടുത്ത ബൈബിള്‍ കലോത്സവം വിശ്വാസ രൂപീകരണത്തില്‍ വലിയ മുതല്‍ക്കൂട്ടായി.
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിത വര്‍ഷത്തോടനുബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ പ്രയത്‌നിച്ച് മത്സര ബുദ്ധിയോടെ പങ്കെടുത്തപ്പോള്‍ ഓരോ മത്സരവും ഒന്നിനൊന്നു മെച്ചപ്പെട്ടു. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കളറുകളിലൂടെയും വ്യാഖ്യാനിക്കപ്പെട്ട ബൈബിള്‍ വചനങ്ങളും വിശ്വാസ രഹസ്യങ്ങളും കണ്ടവര്‍ക്കും കേട്ടവര്‍ക്കും നവോന്മേഷം പകരുക മാത്രമല്ല പങ്കെടുത്തവരുടെ തീക്ഷണതയെയും വിശ്വാസത്തെയും ഉജ്ജീവിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനില്‍ നിന്നും ട്രോഫികള്‍ കരസ്ഥമാക്കി.
ശ്രീ. ജോസ് അഗസ്റ്റിന്‍ ജനറല്‍ കണ്‍വീനറും, ശ്രീ. ജോസഫ് ലൂക്കാ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ വിവിധ മാസ് സെന്ററുകളില്‍ നിന്നും കാറ്റക്കീസം ഹെഡ് മാസ്റ്റര്‍മാര്‍, സെക്രട്ടറിമാര്‍, കൈക്കാരന്മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുണ്ടായിരുന്നു.
മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ എന്നിവരുടെ നേതൃത്വത്തിലും ഫാ. പോള്‍ മൊറേലിയുടെയും മറ്റ് കമ്മിറ്റിയംഗങ്ങളുടെയും കാറ്റക്കീസം അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തില്‍ നടത്തപ്പെട്ട മൂന്നാമത് ബൈബിള്‍ കലോത്സവം നോര്‍ത്തേന്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസ വളര്‍ച്ചയിലെ ഒരു അവിസ്മരണീയമായ സംഭവമായിമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല