സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും ആയിരം പൗണ്ട് (ഏകദേശം 96,000 രൂപ) വീതം വാര്‍ഷിക സര്‍ചാര്‍ജ് നല്‍കണമെന്ന് മൈഗ്രേഷന്‍ അഡ്വവൈസറി കമ്മിറ്റി (എംഎസി) ശുപാര്‍ശ ചെയ്തു.
ഐടി പ്രഫഷണലുകളെ തിരഞ്ഞെടുക്കുമ്പോള്‍ ആഗോളക്കമ്പനികള്‍ ഇന്ത്യക്കാര്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്ന ന്യായമാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ മുന്നോട്ടു വക്കുന്നത്. മൂന്നു വര്‍ഷത്തെ തൊഴില്‍ വീസയിലെത്തുന്ന ആള്‍ക്കു പുതിയ വ്യവസ്ഥപ്രകാരം ആകെ മൂവായിരം പൗണ്ട് സര്‍ചാര്‍ജ് കമ്പനികള്‍ നല്‍കേണ്ടിവരും. ഇതു ബ്രിട്ടിഷ് പൗരന്മാരെ ജോലിക്കെടുക്കാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്നാണു കുടിയേറ്റ ഉപദേശക സമിതിയുടെ നിരീക്ഷണം.
ടയര്‍ 2 വീസകള്‍ പ്രകാരമുള്ള കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം 20% വച്ചു കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ നിയന്ത്രണം. സര്‍ക്കാര്‍ ഈ തീരുമാനം താമസിയാതെ നടപ്പാക്കുമെന്നാണു സൂചന. യുകെയുടെ കുടിയേറ്റ ഉപദേശകസമിതിയുടെ കണക്കുകള്‍പ്രകാരം ഏറ്റവുമധികം ടയര്‍ 2 വീസ അനുവദിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്കാണ്. ഐടി മേഖലയിലാണ് ഈ വീസയുടെ 90 ശതമാനവും. രാജ്യത്തെ പ്രമുഖരായ പത്തു കമ്പനികളും ഇന്ത്യയില്‍നിന്നുള്ള ഐടി വിദഗ്ധരെയാണു കൂടുതലായി നിയമിച്ചിരിക്കുന്നതെന്നും എംഎസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടിഷ് പൗരന്മാരെക്കാള് കുറഞ്ഞ ശമ്പളനിരക്കില്‍ ഇന്ത്യക്കാരെ നിയമിക്കാന്‍ കഴിയുമെന്നതിനാല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള ആഗോളക്കമ്പനികള്‍ യുകെയിലും ഇന്ത്യക്കാര്‍ക്കു മുന്‍ഗണന നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള വിദേശ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം മൂന്നര ലക്ഷത്തോളമായി ഉയര്‍ന്നതാണു പുതിയ നിയന്ത്രണങ്ങള്‍ക്കു ബ്രിട്ടിഷ് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല