1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2016

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റിന്റെ താണ്ഡവം, കനത്ത ഹിമപാതത്തില്‍ 18 മരണം. അമേരിക്കയിലെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് ഹിമക്കാറ്റിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ജനജീവിതം നിശ്ചലമാക്കിയ ഹിമപാതം ഇതുവരെ 18 പേരുടെ ജീവന്‍ കവര്‍ന്നാതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണു അധികൃതര്‍ നല്‍കുന്ന സൂചന.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വീശിയടിച്ച ഹിമക്കാറ്റിനെ തുടര്‍ന്നു കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അമേരിക്ക നേരിടുന്നത്. നിരത്തുകളില്‍ മഞ്ഞു നിറഞ്ഞതിനാല്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മിക്കയിടങ്ങളിലും മൂന്നടി ഉയരത്തിനു മുകളില്‍ മഞ്ഞുനിറഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടു. ആയിരക്കണക്കിനു വിമാനസര്‍വീസുകള്‍ റദ്ദാക്കി.

ന്യൂയോര്‍ക്ക് നഗരത്തില്‍ കാറുകള്‍ നിരത്തിലിറക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്കു ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് മേയറുടെ ഉത്തരവ്. ന്യൂയോര്‍ക്കിലും വാഷിങ്ടണ്ണിലും മെട്രോ സര്‍വീസുകള്‍കൂടി നിര്‍ത്തിവച്ചതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. തീരനഗരമായ ന്യൂജഴ്‌സിയില്‍ കടല്‍നിരപ്പ് അപകടകരമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവിടെയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ ആയിരക്കണക്കിനു റോഡപടങ്ങളില്‍ നിരവധിപേര്‍ക്കാണു പരുക്കേറ്റത്.

അവശ്യസാധനങ്ങള്‍ സംഭരിക്കാനും പുറത്തിറങ്ങുന്നതു ഒഴിവാക്കാനും അധികൃതര്‍ ജനങ്ങള്‍ക്കു മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഹിമക്കാറ്റ് ശമിച്ചാലും നിരത്തുകളിലും മറ്റും നിറഞ്ഞിരിക്കുന്ന മഞ്ഞ് നീക്കംചെയ്യാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.