സ്വന്തം ലേഖകന്‍: ഉപരോധ കാലത്ത് ചൈന ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് ഇറാന് ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി. ഇറാന് സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാല് വര്‍ഷത്തിനു ശേഷം ഇറാന് സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റാണ് ഷി ജിന്‍ പിങ്ങ്.
സാമ്പത്തിക ഉപരോധത്തിന്റെ പേരില്‍ ലോകം ഇറാനെ ഒറ്റപ്പെടുത്തിയപ്പോള്‍ ചൈന തങ്ങള്ക്കൊപ്പംനിന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളെ ഇറാന് ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഇറാന്റെ വിശ്വാസംനേടാന് ഒരു പാശ്ചാത്യരാജ്യത്തിനും കഴിഞ്ഞിട്ടില്ല. ചൈനപോലുള്ള സ്വതന്ത്രവും വിശ്വസനീയവുമായ രാജ്യങ്ങളുമായി ബന്ധംസ്ഥാപിക്കാനാണ് ഇറാന് താല്‍പ്പര്യമെന്നും ഖമനേയി പറഞ്ഞു.
ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായും ഷി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്രതലത്തില്‍ മാതൃകയാകുംവിധമാണ് ഇറാനുമായുള്ള ചൈനയുടെ ബന്ധം നിലനിന്നതെന്ന് ഷി പറഞ്ഞു. ഇറാന്– ചൈനയുടെ ബന്ധത്തില്‍ പുതിയ അധ്യായത്തിനുള്ള തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം നിലനിന്നപ്പോഴും ചൈന ഇറാനുമായി എണ്ണവ്യാപാരം നടത്തിയിരുന്നു.
ഊര്‍ജം, വ്യവസായം, ഗതാഗതം, റെയില്‍വേ, തുറമുഖം, നൂതന സാങ്കേതിക, വിനോദസഞ്ചാരം, പരിസ്ഥിതി എന്നീ മേഖലകളില്‍ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന 17 കരാറുകള്‍ ഒപ്പുവച്ചു. കഴിഞ്ഞ ദിവസമാണ് ഇറാനുമേല്‍ പശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല