സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ഹോസ്റ്റല്‍ അധികൃതരുടെ മോശം പെരുമാറ്റത്തിനെതിരെ പെണ്‍കുട്ടികള്‍ രാത്രി 25 കിലോമീറ്റര്‍ നടന്ന് പ്രകടനം നടത്തി. ഹോസ്റ്റലില്‍നിന്ന് സ്കൂള്‍ ക്യാംപസില്‍ പ്രതിഷേധവുമായി എത്തിയ പെണ്‍കുട്ടികള്‍ രാത്രിയോടെ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്നു.
കടുത്ത തണുപ്പിനെ അവഗണിച്ച് 25 കിലോമീറ്റര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് പെണ്‍കുട്ടികള്‍ കളക്ട്രേറ്റിലെത്തിയത്. ലക്ഷ്യത്തിലെത്തിയ പെണ്‍കുട്ടികള്‍ രാത്രിയില്‍തന്നെ കളക്ട്രേറ്റിന് മുമ്പിലും പ്രതിഷേധം തുടര്‍ന്നു.
ഒഡീഷയിലെ മായുര്‍ഭഞ്ച് ജില്ലയിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം നടത്തുന്ന പകാട്ടിയ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂളിലെ 107 വിദ്യാര്‍ത്ഥിനികളാണ് സ്കൂള്‍ ഹോസ്റ്റലിന് എതിരെ രംഗത്തെത്തിയത്.
ഹോസ്റ്റല്‍ അധികൃതര്‍ നടത്തുന്ന മോശം പെരുമാറ്റത്തിലും മോശം ഭക്ഷണം വിതരണം ചെയ്യുന്നതിലും പ്രതിഷേധിച്ച കുട്ടികള്‍ രാത്രി 7 മണിയോടെ സംഘടിച്ചു. തുടര്‍ന്ന് സ്കൂള്‍ ക്യാംപസിലെത്തിയ പെണ്‍കുട്ടികള്‍ മുദ്രാവാക്യം മുഴക്കി. കുട്ടികളെ അനുനയിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരികെ അയക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഹോസ്റ്റല്‍ വാര്ഡന് എതിരെ നടപടി സ്വീകരിക്കണമെന്നും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. സംഭവമറിഞ്ഞ ജില്ലാ കളക്ടര്‍ രാജേഷ് പര്വാക്കര് പാട്ടീല്‍ രാത്രി ഒരു മണിയോടെ കളക്ട്രേറ്റിലെത്തി പെണ്‍കുട്ടികളുടെ പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല