സ്വന്തം ലേഖകന്‍: ഉമ്മന്‍ ചാണ്ടിക്ക് 1.90 കോടി കൈക്കൂലി നല്കി, സോളാര്‍ കേസില്‍ അടുത്ത വെടി പൊട്ടിച്ച് സരിത. മുഖ്യമന്ത്രിക്കു വേണ്ടി സഹായി തോമസ് കുരുവിളക്ക് രണ്ടു തവണയായി 1.90 കോടി രൂപയും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപയും കൈക്കൂലി നല്‍കിയതായി സരിത സോളാര്‍ കമ്മിഷന് മൊഴി നല്കി.
2012 ഡിസംബര്‍ 27 ന് ഡല്‍ഹി ചാന്ദ്നി ചൗക്കില്‍ വച്ചാണ് 1.10 കോടി രൂപ ആദ്യം തോമസ് കുരുവിളക്ക് നല്‍കിയത്. പിന്നീട് തിരുവനന്തപുരത്ത് വച്ച് 80 ലക്ഷം വീണ്ടും കൈമാറി. അറസ്റ്റിലാകുന്നതിന് 14 ദിവസം മുന്‍പാണ് ഈ തുക നല്‍കിയത്. ഇക്കാര്യം ജിക്കുമോനെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ജോപ്പനോട് പറയരുതെന്ന് ജിക്കുമോന് നിര്‍ദേശിച്ചു.
സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടുണ്ട്. 2011 ജൂണിലാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി ആദ്യമായി കണ്ടതെന്നും സരിത സോളാര്‍ കമ്മിഷന് നല്കിയ മൊഴിയില്‍ പറയുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് ജോപ്പനെ കണ്ടത്. മുന്‍മന്ത്രി ഗണേഷ്കുമാറിന്റെ പി.എ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതി മന്ത്രിയായ ആര്യാടന് മുഹമ്മദിനെ കാണുകയും കൈക്കൂലി നല്‍കുകയും ചെയ്തത്. സോളാര്‍ പദ്ധതിക്ക് രണ്ടു കോടി രൂപയാണ് ആര്യാടന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു കഴിയാത്തതിനാല്‍ ചര്‍ച്ചയ്ക്കു ശേഷം ഒരു കോടി രൂപ നല്കിയാല് മതിയെന്ന് മന്ത്രി സമ്മതിച്ചു. ഇതില്‍ 25 ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പി.എയ്ക്ക് നല്കി.
പിന്നീട് ഒരു ചടങ്ങില്‍ വച്ച് 15 ലക്ഷം രൂപയും നല്കി. താന്‍ ജയിലിലായതോടെ പദ്ധതി മുടങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയ താന്‍ പണം തിരികെ നല്‍കണമെന്ന് ആര്യാടനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നല്‍കിയില്ലെന്നും സരിത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല