സ്വന്തം ലേഖകന്‍: സിക്ക വൈറസ് ബാധ വ്യാപിക്കുന്നു, വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും ന്യൂഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുടെയും യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സ്ഥിതിഗതികള്‍ വിലയിരുത്തി.
സിക്ക വൈറസ് ഇന്ത്യക്കു ഭീഷണിയാകുമോ എന്നു പരിശോധിക്കാനായി സാങ്കേതിക സമിതി രൂപീകരിക്കാനും ലാബറട്ടറി സംവിധാനങ്ങള്‍ ഒരാഴ്ചയ്ക്കകം ഒരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. സിക്ക വൈറസ്ബാധ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഈ വൈറസിനെ രാജ്യാന്തര ആരോഗ്യഭീഷണിയായി പ്രഖ്യാപിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരാനിരിക്കുന്ന നിലയ്ക്കാണ് ഉന്നത യോഗം വിളിച്ചത്.
കണ്ടെത്തിയ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്കാന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. മധ്യ, തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊതുകു വഴി പകരുന്ന രോഗമായാണ് സിക വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വൈറസ് ഭീഷണിയെ തുടര്‍ന്ന് ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിനോദസഞ്ചാര രംഗം കടുത്ത ഭീഷണി നേരിടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല