സ്വന്തം ലേഖകന്‍: ലോകത്തെ അത്ഭുതപ്പെടുത്തിയ രണ്ടു സുഹൃത്തുക്കള്‍ അടിച്ചു പിരിഞ്ഞു, മോസ്കോ മൃഗശാലയിലെ കടുവയും ആടും പിണങ്ങിയതായി റിപ്പോര്‍ട്ട്. കടുവയും ഭക്ഷണമായി കൂട്ടിലേക്കെത്തിയ ആടും തമ്മില്‍ സൗഹൃദത്തിലായതോടെ മോസ്കോയിലെ പ്രൈമോസ്കി സഫാരി പാര്‍ക്കിലേക്ക് സന്ദര്‍ശകരുടേയും മാധ്യമങ്ങളുടേയും ഒഴുക്കായിരുന്നു.
ഇതോടെ അമുര്‍ എന്ന കടുവയും തിമുര്‍ എന്ന ആടും ലോക പ്രശസ്തരുമായി. എന്നാല്‍ ഈ സൗഹൃദത്തിന് മാസങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളു എന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്.
സൗഹൃദത്തിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ പിണക്കവും തുടര്‍ന്നുണ്ടായ വഴക്കുമാണ് കാരണം.
ദേഷ്യക്കാരന്‍ അമുര്‍ കടുവ ആയിരുന്നില്ലെന്നും തിമുര്‍ ആട് മര്യാദയുടെ എല്ലാ പരിമിധികളും ലംഘിച്ചതായും മൃഗശാല ഡയറക്ടര്‍ ദിമിത്രി മെസെന്റ്റ്സേവ് വ്യക്തമാക്കി. തന്റെ കുന്നിന് മുകളില്‍ കയറുന്നതിന് കടുവയെ ആട് അനുവദിച്ചിരുന്നില്ല. കുന്നില്‍ കയറിയ അമുര്‍ കടുവയെ തിമുര്‍ തന്റെ കൊമ്പ് ഉപയോഗിച്ച് കുത്തുകയും കാലുകള്‍ക്കൊണ്ട് തൊഴിക്കുകയും ചെയ്തു.
ശല്യം അസഹ്യമായതോടെ അമുര്‍ തിമുറിനെ ഒരു പൂച്ചക്കുട്ടിയെ എടുക്കുമ്പോലെ കഴുത്തില്‍ കടിച്ചെടുത്ത് വായുവില്‍ എറിഞ്ഞു. എന്നാല്‍ അത് ഒരു ആക്രമണമായിരുന്നില്ല. വഴക്ക് അതിരുവിടുമെന്നായപ്പോള് കൂട്ടിലേയ്ക്ക് ഒരു എലിയെ കടത്തിവിട്ട് കടുവയുടെ ശ്രദ്ധ തെറ്റിച്ച കാവല്ക്കാരന് തിമുര്‍ ആടിനെ പിടികൂടി മറ്റൊരു കൂട്ടിലടച്ചതായും പത്രക്കുറിപ്പില്‍ ദിമിത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല